പട നയിച്ച് ഛേത്രി…ഇന്റർകോണ്ടിനെന്റൽ കപ്പിൽ മുത്തമിട്ട് ടീം ഇന്ത്യ!

ഇന്റർകോണ്ടിനെന്റൽ കിരീടം സ്വന്തമാക്കി ടീം ഇന്ത്യ. ഫൈനലിൽ കെനിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള ഇന്ത്യൻ ഫുട്ബാൾ ടീം കിരീടം ചൂടിയത്. മത്സരത്തിന്റെ ഏഴാം മിനുട്ടിലും 28ാം മിനുട്ടിലും കെനിയൻ വല കുലുക്കിയ ഇരട്ട ഗോളുകളുമായി നായകൻ ഛേത്രി തന്നെയാണ് ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് ചുക്കാൻ പിടിച്ചത്..
കെനിയക്കെതിരെ മിന്നുന്ന ഫോമിൽ കളിച്ചു തുടങ്ങിയ ഛേത്രി ഏഴാം മിനുട്ടിൽ തന്നെ ഗോൾ കണ്ടെത്തിയതോടെ ഇന്ത്യ മത്സരത്തിൽ ശക്തമായ മേധാവിത്തം പുലർത്തി. ഗോൾ മടക്കാനുള്ള കെനിയൻ പ്രത്യാക്രമണങ്ങൾക്കിടെ രണ്ടാം ഗോളും നേടിയതോടെ മത്സരം പൂർണമായും ഇന്ത്യയുടെ വരുതിയിലാവുകയായിരുന്നു.മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കെനിയ നിരന്തരം ആക്രമണങ്ങൾ നടത്തിയെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചു നിന്നതോടെ മുംബൈ ഫുട്ബാൾ അറീനയിൽ പുതു ചരിത്രം പിറക്കുകയായിരുന്നു
ഫൈനലിൽ നേടിയ ഇരട്ടഗോളുകളോടെ നിലവിലെ കളിക്കാരിൽ സ്വന്തം രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയവരുടെ പട്ടികയിൽ ലയണൽ മെസ്സിക്കൊപ്പം രണ്ടാം സ്ഥത്തെത്താനും ഛേത്രിക്കായി.ഇന്ത്യയ്ക്കായി 102 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഛേത്രി 64 ഗോളുകൾ നേടിയാണ് അർജന്റീനൻ ഇതിഹാസത്തിനൊപ്പമെത്തിയിരിക്കുന്നത്. 149 മത്സരങ്ങളിൽ നിന്നായി 81 ഗോളുകൾ നേടിയ പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പട്ടികയിലെ ഒന്നാമൻ.