വിരമിക്കൽ തീരുമാനത്തിൽ ആരാധകർക്ക് സന്തോഷ വാർത്തയുമായി ലയണൽ മെസ്സി


റഷ്യൻ ലോകകപ്പിൽ പുറത്താവൽ ഭീഷണിയിൽ നിൽക്കുന്ന അർജന്റീനൻ ആരാധകർക്ക് സന്തോഷവാർത്തയുമായി ഇതിഹാസ താരം ലയണൽ മെസ്സി.അർജന്റീനയ്ക്കായി ലോക കിരീടം നേടിയതിനു ശേഷം മാത്രമേ അന്താരാഷ്ട്ര കരിയറിനോട് വിടപറയുന്നതിനെക്കുറിച്ച് ചിന്തിക്കുകയുള്ളുവെന്നാണ് തന്റെ മുപ്പത്തിയൊന്നാം പിറന്നാൾ ദിനത്തിൽ മെസ്സി വെളിപ്പെടുത്തിയിരിക്കുന്നത്.

ലോകകപ്പിൽ ഒരു സമനിലയും ഒരു തോൽവിയുമായി ഗ്രൂപ്പ് ഡിയിൽ അവസാന സ്ഥാനത്താണ് നിലവിൽ അർജന്റീന. ഈ ലോകകപ്പിൽ നിന്നും പുറത്താവുകയാണെങ്കിൽ മെസ്സിയടക്കമുള്ള സീനിയർ താരങ്ങൾ വിരമിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു.എന്നാൽ അത്തരം  വിരമിക്കൽ അഭ്യൂഹങ്ങളെയെല്ലാം  കാറ്റിൽ പറത്തികൊണ്ടാണ് സൂപ്പർ താരം തന്റെ ലക്‌ഷ്യം വെളിപ്പെടുത്തിയിരിക്കുന്നത്.

“അർജന്റീനയ്ക്കായി ലോകകപ്പ് നേടുക എന്നതാണ് എന്റെ ലക്ഷ്യം. ഒട്ടുമിക്ക പ്രധാനപ്പെട്ട ടൂർണമെന്റുകളും വിജയിക്കാൻ കഴിഞ്ഞിട്ടുണ്ട്.അതുകൊണ്ട് തന്നെ ഒരിക്കൽ ലോകകപ്പും നേടാൻ കഴിയുമെന്നു തന്നെ വിശ്വസിക്കുന്നു.ആ സ്വപ്നം യാഥാർഥ്യമായതിനു ശേഷം മാത്രമേ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കൂ..”- മെസ്സി പറഞ്ഞു.
നൈജീരിയക്കെതിരായ നിർണ്ണായക മത്സരത്തിനായുള്ള പരിശീലനത്തിലാണ് മെസ്സിയിപ്പോൾ. ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും സമ്പൂർണ പരാജയമായി മാറിയ മെസ്സി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഫോമിലേക്കുയരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.മത്സരത്തിൽ സമനിലയോ തോൽവിയോ പിണഞ്ഞാൽ അർജന്റീന ലോകകപ്പിൽ നിന്നും പുറത്താകും.