‘ഗോളിനുള്ള ഊർജ്ജം പകർന്നത് മെസ്സിയുടെ വാക്കുകൾ’; വെളിപ്പെടുത്തലുമായി മർക്കസ് റോജോ


മർക്കസ് റോജോ എന്ന അഞ്ചാം നമ്പറുകാരൻ ഇന്ന് അർജെന്റിനയുടെ വീര നായകനാണ്. നൈജീരിയക്കെതിരെ സമനിലക്കുരുക്കുമായി റഷ്യൻ ലോകകപ്പിൽ നിന്നും പുറത്താകലിന്റെ വക്കിലായിരുന്ന അർജന്റീനയെ അവസാന മിനുട്ടിലെ സൂപ്പർ ഗോളിലൂടെ പ്രീക്വാർട്ടറിൽ എത്തിച്ചത് ഈ പ്രതിരോധതാരത്തിന്റെ മികവായിരുന്നു. എന്നാൽ അത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ നിർണ്ണായകമായ ഗോൾ നേടാൻ തന്നെ പ്രാപ്തനാക്കിയത് നായകൻ  ലയണൽ മെസ്സിയുടെ വാക്കുകളാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റോജോ.

ഒരു ഗോൾ ലീഡുമായി ഇടവേളയ്ക്ക് പിരിഞ്ഞ സമയത്താണ് മത്സരത്തിൽ വിജയം നേടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ലയണൽ മെസ്സി സഹതാരങ്ങളോട്  സംസാരിച്ചത്.

“ഗോൾ നേടുകയെന്നതാകണം എല്ലാവരുടെയും ലക്ഷ്യം. ആ ഉത്തരവാദിത്തം നിറവേറ്റാനായി  എല്ലാ താരങ്ങളും ഒരുപോലെ ശ്രമിക്കണം..അതിനാൽ ലഭിക്കുന്ന ഒരവസരവും പാഴാക്കരുത്. പരമാവധി ലക്ഷ്യത്തിലേക്ക് തന്നെ ഷോട്ടുകൾ പായിക്കണം.ഏതു പൊസിഷനിൽ കളിക്കുന്ന താരമായാലും ഗോൾ ശ്രമത്തിൽ നിന്നും വിട്ടു നിൽക്കരുത്”- മെസ്സി സഹ  താരങ്ങളോടായി പറഞ്ഞു.

മെസ്സിയുടെ ഈ വാക്കുകളാണ് ഗോൾ നേടാൻ തന്നെ പ്രചോദിപ്പിച്ചതെന്നാണ്  മത്സരശേഷം റോജോ വെളിപ്പെടുത്തിയിരിക്കുന്നത്.അവസാന മിനിറ്റുകളിൽ എത്തിയപ്പോൾ നൈജീരിയൻ പെനാൽറ്റി ബോക്സിനകത്തു കയറി ഗോളിനായി സ്വയം ശ്രമിക്കാനുള്ള ഊർജ്ജം നൽകിയത്  മെസ്സിയുടെ വാക്കുകളാണെന്നാണ് റോജോ പറഞ്ഞത്.ഗോൾ നേടിയ ശേഷം റോജോയുടെ ചുമലിൽ ഇരുന്ന് വിജയമാഘോഷിക്കുന്ന മെസ്സിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.