എന്നിൽ സ്വാധീനം ചെലുത്തിയ ഇതിഹാസങ്ങൾ ഇവരാണ്; മനസ്സ് തുറന്ന് റാഷിദ് ഖാൻ

June 5, 2018

റാഷിദ് ഖാൻ എന്ന അഫ്ഗാൻ സ്പിന്നർ ക്രിക്കറ്റ് ലോകത്തെ പുതിയ സെൻസേഷനായി മാറിത്തുടങ്ങിയിട്ട് നാളുകൾ കുറച്ചായി.. നിരന്തരമായ ആഭ്യന്തര സംഘർഷങ്ങളും സാമൂഹ്യ അരക്ഷിതാവസ്ഥയും നില നിൽക്കുന്ന, ക്രിക്കറ്റിന്  വേരോട്ടം തീരെയില്ലാത്ത  അഫ്ഘാനിസ്ഥാൻ എന്ന കൊച്ചു രാജ്യത്തു നിന്നും ക്രിക്കറ്റ് മൈതാനങ്ങളിൽ വിസ്മയം തീർക്കുന്ന മാന്ത്രിക സ്പിന്നറായുള്ള റാഷിദ് ഖാന്റെ വളർച്ച വളരെ ആശ്ചര്യപൂർവമാണ് കായിക ലോകം കണ്ടു നിന്നത്.

അപ്രവചനീയമായ സ്പിൻ മികവും പേസ് വാരിയേഷനും, ഡെലിവറികളിലെ വ്യത്യസ്‌തകളുമാണ് റാഷിദ് ഖാൻ എന്ന ഇരുപതു കാരനെ  ഏറ്റവും അപകടകാരിയാക്കുന്നത്. നിലവിൽ  ലോകത്തെ ഏറ്റവും മികച്ച  കൈക്കുഴ സ്പിന്നർ(Writst Spinner) മാരിൽ  ഒരാളായി വിലയിരുത്തപ്പെടുന്ന റാഷിദ് ഖാൻ പക്ഷെ സ്വയം ഒരു റിസ്റ്റ് സ്പിന്നർ എന്നറിയപ്പെടാനല്ല ആഗ്രഹിക്കുന്നത്.

”ഞാൻ എന്നെ ഒരു ഫിംഗർ സ്പിന്നറായാണ്  കാണുന്നത്..ബൗൾ ചെയ്യുമ്പോൾ ഞാൻ കൈക്കുഴ കൂടുതലായി ഉപയോഗിക്കാറില്ല..വിരലുകളും അവയുടെ അഗ്രങ്ങളും ഉപയോഗിച്ചുകൊണ്ടാണ് ഞാൻ ഡെലിവറികളിൽ മാറ്റം വരുത്താറുള്ളത്..വിരലുകൾ കൂടുതലായും ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ക്വിക്ക് ഡെലിവെറികൾ നന്നായി ഉപയോഗിക്കാനും കഴിയുന്നു.” – റാഷിദ് ഖാൻ പറഞ്ഞു..

ബൗളിംഗ് ടെക്‌നിക്കുകൾ രൂപപ്പെടുത്തുന്നതിൽ തന്നെ ഏറെ സഹായിച്ച ബൗളർമാർ ആരൊക്കെയെന്നും റാഷിദ് ഖാൻ വെളിപ്പെടുത്തി.ഇന്ത്യയുടെ ഇതിഹാസ ബൗളർ അനിൽ കുംബ്ലെയും പാകിസ്താന്റെ ഷാഹിദ് അഫ്രിദിയുമാണ് റാഷിദ് ഖാനെ സ്വാധീനിച്ച രണ്ടു താരങ്ങൾ. സമയം കിട്ടുമ്പോൾ ഇപ്പോഴും അനിൽ കുംബ്ലെയുടെ കളികൾ കാണാറുണ്ടെന്നും അദ്ദേഹത്തിന്റെ ബൗളിംഗ് നിരീക്ഷിക്കാറുണ്ടെന്നും റാഷിദ് ഖാൻ കൂട്ടിച്ചേർത്തു..