മഞ്ഞക്കാർഡിൽ ‘കുടുങ്ങി’സെനഗൽ പുറത്ത്: രണ്ടാം ജയത്തോടെ കൊളംബിയ പ്രീക്വാർട്ടറിൽ.


റഷ്യൻ മണ്ണിലെ സെനഗലിന്റെ പോരാട്ടവീര്യത്തിന് അപ്രതീക്ഷിത അന്ത്യം. നിർഭാഗ്യം ഫെയർപ്ലേയുടെ രൂപത്തിൽ അവതരിച്ചപ്പോൾ ലോകകപ്പിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് ടൂർണമെന്റിൽ നിന്നും സെനഗൽ പുറത്തായിരിക്കുന്നത്.
ഒരു സമനിലയ്ക്കപ്പുറം പ്രീക്വാർട്ടറിൽ പ്രവേശനം സാധ്യമായിരുന്ന സെനഗലിന്റെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് കോളംബിയ ഒരു ഗോൾ വിജയം സ്വന്തമാക്കുകയായിരുന്നു.മത്സരത്തിന്റെ 74ാം മിനുട്ടിൽ എറി മിനായാണ് കൊളംബിയക്കായി വലകുലുക്കിയത്.തുടർച്ചയായ രണ്ടാം വിജയത്തോടെ ആറു പോയിന്റുമായി കൊളംബിയ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിൽ എത്തി.


ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജപ്പാൻ പോളണ്ടിനോട് തോറ്റതോടെ ജപ്പാനും സെനഗലിനും നാലു പോയിന്റുകൾ വീതമായി.പോയിന്റ്, ഗോൾ ശരാശരി, അടിച്ച ഗോൾ എന്നീ കണക്കുകളിലെല്ലാം ജപ്പാനും സെനഗലും തുല്യത പാലിച്ചപ്പോൾ ഫെയർപ്ലേയിലൂടെയാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ നിർണ്ണയിച്ചത്. മൂന്നു മത്സരങ്ങളിൽ നിന്നും ജപ്പാൻ നാല് മഞ്ഞക്കാർഡുകൾ വാങ്ങിയപ്പോൾ ആറു മഞ്ഞകാർഡുകൾ വാങ്ങിയ സെനഗൽ ജപ്പാന് പിന്നിലായി..ഒടുവിൽ ജപ്പാൻ പ്രീക്വാർട്ടർ യോഗ്യതയും സ്വന്തമാക്കി.