ആവർത്തിക്കുമോ ചാമ്പ്യന്മാരുടെ ദുരന്തം? റഷ്യൻ ലോകകപ്പിൽ ജർമ്മനിയെ പേടിപ്പെടുത്തുന്ന കണക്കുകൾ നോക്കാം

June 18, 2018

1998 മുതലുള്ള ലോകകപ്പുകളും അവയിലെ ചാമ്പ്യന്മാരുടെ പ്രകടനവും പരിശോധിച്ചാൽ രസകരമായ ഒരു വസ്തുത കാണാം…2002 മുതൽ 2014 വരെ അരങ്ങേറിയ നാലു ലോകകപ്പുകളിൽ മുന്നിലും നിലവിലെ ചാമ്പ്യന്മാർ എന്ന പകിട്ടോടെയെത്തിയ വമ്പന്മാർ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ കാലിടറി വീണിട്ടുണ്ട്….2002 ലോകകപ്പ് നേടിയ ബ്രസീൽ മാത്രമാണ് ഈ ‘ശാപക്കണക്കു’കൾക്ക് അപവാദമായിട്ടുള്ളത്. റഷ്യൻ ലോകകപ്പിൽ കിരീടം നിലനിർത്താനെത്തിയ ജർമ്മൻ പട ആദ്യ മത്സരത്തിൽ മെക്സിക്കോയുടെ പരാജയപ്പെട്ടതോടെ ഈ  ലോകകപ്പിലും ‘കഥ’ മറ്റൊന്നാവില്ലെന്ന് വിശ്വസിക്കുന്നവരുണ്ട്. നിലവിലെ ചാമ്പ്യന്മാർ എന്ന വിശേഷണവുമായെത്തി ആദ്യ റൗണ്ടിൽ തന്നെ പുറത്തുപോയ ചാമ്പ്യന്മാരുടെ കണക്കുകൾ പരിശോധിക്കാം..

2002 ലോകകപ്പ് 
1998 ൽ സിനദിൻ സിദാന്റെ മാസ്മരിക പ്രകടനത്തിന്റെ മികവിൽ ലോക കിരീടമുയർത്തിയ ഫ്രാൻസ് സമാനമായൊരു മുന്നേറ്റത്തിലൂടെ 2002 ലെ  സൗത്ത് കൊറിയൻ ലോകകപ്പും സ്വന്തമാക്കാമെന്ന് സ്വപ്നം കണ്ടു.എന്നാൽ സെനഗലും ഉറുഗ്വായും ഡെന്മാർക്കും ഉൾപ്പെട്ട ഏ ഗ്രൂപ്പിൽ രണ്ടു തോൽവിയും  ഒരു സമനിലയുമായി  അവസാന സ്‌ഥാനക്കാരായി മാറിയ ഫ്രഞ്ച് പട 2002 ലോകകപ്പിലെ  ആദ്യ റൗണ്ടിൽ തന്നെ പുറത്തായി..

2010 ലോകകപ്പ് 
2006 ൽ  കറ്റനാച്ചിയോ എന്ന പ്രധിരോധ ശൈലിയിലൂടെ കിരീടം നേടിയ ഇറ്റാലിയൻ പട 2010 ൽ  ആദ്യ റൗണ്ടിൽ തന്നെ ലോകകപ്പിനോട് വിട പറയുകയായിരുന്നു.  2010 ൽ സൗത്ത് ആഫ്രിക്കയിൽ നടന്ന ലോകകപ്പിൽ രണ്ടു സമനിലയും ഒരു തോൽവിയും വഴങ്ങിയ ഇറ്റലി ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരെന്ന ചീത്തപ്പേരുമായാണ് ലോകകപ്പിൽ നിന്നും പുറത്തായത്. പരാഗ്വ, സ്ലോവാക്യ, ന്യൂസിലാൻഡ് എന്നിവരടങ്ങിയ ഗ്രൂപ്പ് എഫ് ലായിരുന്നു ഇറ്റലി ഉൾപ്പെട്ടിരുന്നത്..

2014 ലോകകപ്പ്
ടിക്കി-ടാക്ക യെന്ന പാസിംഗ് ഗെയിമിന്റെ സൗന്ദര്യവുമായി 2010 ൽ ലോകകിരീടം നേടിയ സ്പെയിൻ 2014 ലും ഫേവറിറ്റുകളുടെ പട്ടികയിൽ മുന്പന്തിയിലുണ്ടായിരുന്നു.എന്നാൽ നെതർലാൻഡും ചിലിയും ഓസ്‌ട്രേലിയയും അടങ്ങുന്ന ബി ഗ്രൂപ്പിൽ ഒരു വിജയവും രണ്ടു തോൽവികാലുമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സ്പെയിൻ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി..നെതര്ലന്ഡും ചിലിയുമായിരുന്നു ഗ്രൂപ്പിൽ നിന്നും മുന്നേറിയ ടീമുകൾ

റഷ്യൻ ലോകകപ്പിൽ കിരീടം നിലനിർത്തുക എന്ന ലക്ഷ്യവുമായെത്തിയ ജർമനി ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതോടെയാണ്  ചാമ്പ്യൻ ടീമുകളെ ഭയപ്പെടുത്തുന്ന കണക്കുകൾ വീണ്ടും പ്രസക്തമായി തുടങ്ങിയത്.സ്വീഡൻ, സൗത്ത് കൊറിയ തുടങ്ങിയ ടീമുകൾക്കെതിരെയാണ് ജർമനിയുടെ അവശേഷിക്കുന്ന മത്സരങ്ങൾ. രണ്ടു മത്സരങ്ങളിലും ജർമൻ പട വിജയം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.