യഥാർത്ഥ ഫൈനലിന് മുൻപൊരു ‘സൂപ്പർ ഫൈനൽ’; ബ്രസീൽ-ബെൽജിയം പോരാട്ടത്തിൽ കണ്ണും നട്ട് ഫുട്ബാൾ ലോകം

July 5, 2018

റഷ്യൻ ലോകകപ്പ് ക്വാർട്ടർ ഘട്ടത്തിലാണ് എത്തിനിൽക്കുന്നതെങ്കിലും ഒരു ഫൈനൽ പോരാട്ടത്തിനിറങ്ങുന്ന പ്രതീതിയാവും ബ്രസീൽ- ബെൽജിയം ടീമുകൾക്ക്.. റഷ്യൻ ലോകകപ്പിലെ സൂപ്പർ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മത്സരത്തിൽ വിജയിക്കുന്ന ടീം കിരീടം നേടുമെന്ന് വരെ പറഞ്ഞു വെച്ച നിരവധി ഫുട്ബാൾ നിരൂപകരുണ്ട്.അതേ സമയം റഷ്യൻ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ടു ടീമുകളിൽ ഒരുകൂട്ടർ നേരെത്തെ തന്നെ പുറത്താകുമെന്ന സങ്കടത്തിലാണ് ഫുട്ബാൾ ആരാധകർ..

സാംബ താളവുമായി എതിരാളികളെ നിഷ്പ്രഭമാക്കുന്ന  നെയ്മറും സംഘവും ഇതിനോടകം തന്നെ ലോകകപ്പിലെ ഫേവറിറ്റുകളായി മാറിക്കഴിഞ്ഞു.പ്രീക്വാർട്ടറിൽ  ഐതിഹാസിക  തിരിച്ചുവരവിലൂടെ ജപ്പാനെ കീഴടക്കിയ ബെൽജിയം അവസാന ശ്വാസം വരെ പോരാടുന്നവരുടെ സംഘമാണ്. തോൽക്കാൻ മനസ്സില്ലാത്തവന്റെ പോരാട്ടവീര്യവുമായി ബെൽജിയവും ആരെയും തോൽപ്പിക്കാൻ പോന്ന കരുത്തുമായി ബ്രസീലും ഇറങ്ങുമ്പോൾ പോരാട്ടം പൊടിപാറുമെന്നുറപ്പാണ്.

നാലു തവണയാണ് ഇതിന് മുൻപ് ബ്രസീലും ബെൽജിയവും കൊമ്പുകോർത്തിട്ടുള്ളത്. മൂന്നു മത്സരങ്ങളിൽ ബ്രസീൽ വിജയം കണ്ടപ്പോൾ ഒരു മത്സരത്തിൽ ബെൽജിയവും വിജയിച്ചു. 55 വർഷങ്ങൾക്കു മുൻപ് 1963 ലാണ് ബെൽജിയം അവസാനമായി ബ്രസീലിനെ കീഴടക്കിയത്.2002 ലെ സൗത്ത് കൊറിയൻ ലോകകപ്പിലെ പ്രീക്വാർട്ടറിലാണ്  അവസാനമായി ഇരുവരും ഏറ്റുമുട്ടിയത്.ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് അന്ന് ബ്രസീൽ ബെൽജിയത്തെ തകർത്തത്.രാത്രി 11.30 ന്  കസാൻ അരീനയിലാണ് പോരാട്ടം. മെസ്സിയുടെ കണ്ണീരു വീണ കസാൻ അരീനയിൽ വിജയരഥത്തിലേറാൻ നെയ്മറിന് കഴിയുമോ എന്ന് നാളെ അറിയാം