ബ്ലാസ്റ്റേഴ്‌സിൽ കണ്ണുവെച്ച് മാഞ്ചസ്റ്റർ സിറ്റി ഉടമകൾ..?

July 22, 2018

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ  ഉടമകളായ  സിറ്റി ഫുട്ബാൾ ഗ്രൂപ്പ്  കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ നോട്ടമിട്ടതായി റിപ്പോർട്ടുകൾ. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിറ്റി ഫുട്ബാൾ ഗ്രൂപ്പിന്റെ നേരിട്ടുള്ള  ഉടമസ്ഥതയിലുള്ള  ഓസ്‌ട്രേലിയയിലെ മെൽബൺ സിറ്റി എഫ് സിയും സ്പെയിനിലെ ജിറൗണ എഫ് സിയും ബ്ലാസ്റ്റേഴ്‌സുമായി പ്രീ സീസൺ മത്സരങ്ങൾ കളിക്കാനായി കേരളത്തിലെത്തിയതോടെയാണ് സിറ്റി ഫുട്ബാൾ ഗ്രൂപ്പ് ബ്ലാസ്റ്റേഴ്‌സിനെ  നോട്ടമിടുന്നതായുള്ള അഭ്യൂഹങ്ങൾ സജീവമായത്.

അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റി എഫ്‌സി, ജപ്പാനിലെ യൊക്കഹോമ എഫ് മരിനോസ്,എന്നീ ക്ലബുകളിലും  ഭൂരിഭാഗം നിക്ഷേപവും സ്വന്തമായുള്ള ഇവര്‍ ഇനി ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകളെ കൂടി നോട്ടമിടുന്നുണ്ട് എന്ന് നേരെത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ കേരളാ ബ്ലാസ്റ്റേഴ്‌സുമായി സിറ്റി ഫുട്ബാൾ ഗ്രൂപ്പ് ഒരു ചർച്ചകളും നടത്തിയിട്ടില്ലെന്നും ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും ബ്ലാസ്റ്റേഴ്‌സ് സിഇഓ  വരുൺ ത്രിപുരനേനി അറിയിച്ചു. അതേ സമയം ബ്ലാസ്റ്റേഴ്‌സിൽ സിറ്റി ഗ്രൂപ്പ് താല്പര്യം പ്രകടിപ്പിച്ചാൽ അത് തള്ളിക്കളയില്ലെന്നും ടീമിനെ ശക്തിപ്പെടുത്താൻ സഹായകരമാകുന്ന തരത്തിലുള്ള സഹകരണങ്ങൾക്കുള്ള സാധ്യതകൾ പരിശോധിക്കുമെന്നും വരുൺ ത്രിപുരനേനി പറഞ്ഞു. ഐഎസ് എല്ലിനെക്കുറിച്ച്  കൂടുതൽ  മനസ്സിലാക്കാനായി  യൂറോപ്പിലെ പല പ്രമുഖ ക്ലബ്ബുകളുടെ ഉടമകളും പല ഐഎസ്എൽ ടീമുകളുമായും മുൻപ് ചർച്ച നടത്തിയിട്ടുണ്ടെന്നും ഭാവിയിൽ പല പ്രമുഖ ടീമുകളുമായുള്ള സഹകരണം സാധ്യമായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.