കളത്തിലിറങ്ങും മുൻപേ യുവന്റസിൽ റോണോ എഫക്ട്..!

July 19, 2018

പുതിയ സീസണിലേക്കായി ടീമിലെത്തിച്ച സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലിറങ്ങും മുൻപേ റോണോ എഫ്ഫക്റ്റിന്റെ വീര്യമറിഞ്ഞ് യുവന്റസ് ടീം മാനേജ്‍മെന്റ്. ക്ലബ് ജേഴ്‌സികളുടെ വിൽപ്പനയിലെ അത്ഭുതകരമായ വർധനവും വിപണി മൂല്യത്തിൽ ഉണ്ടായ ഉയർന്ന കുതിച്ചു ചാട്ടവും സാമൂഹ്യ മാധ്യമങ്ങളിൽ ടീമിനെ പിന്തുടരുന്നവരുടെ എണ്ണത്തിലുള്ള വലിയ വർദ്ധനവുമാണ് റോണോയുടെ വരവോടുകൂടി യുവന്റസിനുണ്ടായ നേട്ടങ്ങൾ

റോണോ ടീമിലെത്തിയതിയതോടെ ക്ലബ് ജേഴ്‌സികളുടെ വില്പനയിൽ  റെക്കോർഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്.  റൊണാൾഡോയുടെ പേരുള്ള 52,000 ജേഴ്‌സികളാണ് ഇതിനോടകം തന്നെ ചൂടപ്പം പോലെ വിട്ടുപോയിരിക്കുന്നത്. 432 കോടി രൂപയുടെ വിറ്റുവരവാണ് ജേഴ്‌സിയിലൂടെ മാത്രം യുവന്റസ് നേടിയിരിക്കുന്നത്. 800 കോടി രൂപയാണ്  റോണോയെ യുവന്റസിലെത്തിക്കാനായി റയലിന് നൽകിയ തുക. നിലവിലെ കണക്കുകൾ പ്രകാരം റോണോയ്ക്കായി റയലിന് നൽകിയ തുകയുടെ പകുതിയിലധികം പണം ജേഴ്‌സി വിൽപ്പനയിലൂടെ  മാത്രം യുവന്റസ് നേടിക്കഴിഞ്ഞു.

8300 രൂപ വിലവരുന്ന ഔദ്യോഗിക ജേഴ്‌സിയും 3200 രൂപയുടെ ഡ്യൂപ്ലിക്കേറ്റ് ജേഴ്‌സിയും മണിക്കൂറുകൾക്കകം വിറ്റു തീരുന്ന കാഴ്ചയാണ് കാണുന്നത്. അഡിഡാസ് ഷോറൂമിൽ നിന്നും മാത്രമായി 20000 ലധികം ജേഴ്‌സികൾ ഇതിനോടകം തന്നെ വിട്ടു പോയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ജേഴ്‌സി വില്പനയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല യുവന്റസിലെ റോണോ എഫ്ഫക്റ്റ്. മുപ്പതു ശതമാനത്തിലധികം വളർച്ചയാണ് യുവന്റസിന്റെ വിപണി മൂല്യത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.കൂടാതെ റോണോ യുവന്റസിലെത്തിയ ശേഷം ടീമിന്റെ ഇൻസ്റ്റഗ്രാം ഫോളോവെഴ്‌സിന്റെ എണ്ണത്തിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.11 ലക്ഷത്തിലധികം പേരാണ് കഴിഞ്ഞ ഒരാഴ്ചകൊണ്ട് യുവന്റസിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പിന്തുടർന്ന് തുടങ്ങിയത്.

800 കോടിയുടെ ട്രാൻസ്ഫർ ഫീസിന് പുറമെ  താരത്തിന്റെ പ്രതിഫലവും മറ്റുമായി 960 കോടി രൂപ മുടക്കിയാണ് റോണോയുമായി നാലു വർഷത്തേക്ക് യുവന്റസ് കരാറിലെത്തിയത്.100 കോടി രൂപയുടെ  അനുബന്ധ ചിലവുകൽ കൂടി കൂട്ടി 1860 രൂപയാണ് റോണോയ്ക്കായി യുവന്റസ് മുടക്കിയ ആകെ തുക.പക്ഷെ താരം പന്ത് തട്ടി തുടങ്ങുന്നതിനു മുന്നേ സാമ്പത്തികമായി വലിയ മുന്നേറ്റം നടത്തിയ യുവന്റസ് റോണോയുടെ മുടക്കുമുതലിനേക്കാൾ വലിയ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ