ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കുന്ന ഋഷഭ് പന്തിന് പ്രശംസയുമായി രാഹുൽ ദ്രാവിഡ്..

July 22, 2018

വെടിക്കെട്ടു ബാറ്റിങ്ങിലൂടെ ശ്രദ്ധേയനായി മാറിയ യുവ താരങ്ങളിൽ ഒരാളാണ് ഋഷഭ് പന്ത്. കഴിഞ്ഞ ഐപിഎല്ലിൽ എതിരാളികളെ തച്ചു തകർത്ത ബാറ്റിംഗ് വിരുന്നുമായി എമേർജിംഗ് പ്ലേയർ അവാർഡ് കൂടി സ്വന്തമാക്കിയാണ് താരം കഴിവു തെളിയിച്ചത്. ആഭ്യന്തര ലീഗുകളിലും മറ്റും തുടർച്ചയായി മിന്നുന്ന ഫോമിൽ ബാറ്റേന്തിയ പന്ത് ഒടുവിൽ ഇംഗ്ലണ്ടിനെതിരായ  ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന  ഋഷഭ് പന്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ്  ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസവും  നിലവിലെ   അണ്ടർ 19 ക്രിക്കറ്റ് ടീമിന്റെ പരിശീലകനുമായ  സാക്ഷാൽ  രാഹുൽ ദ്രാവിഡ്.

“നിർണായകമായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഋഷഭ് പന്ത് ഇടം നേടിയതിൽ അതിയായ സന്തോഷമുണ്ട്. സാഹചര്യത്തിനനുസരിച്ച് ബാറ്റിങ്ങിന്റെ വേഗവും  താളവും ക്രമപ്പെടുത്താൻ കഴിവുള്ള മികച്ച കളിക്കാരനാണ് അദ്ദേഹം..മത്സര ഗതി മനസ്സിലാക്കാനും അതിനനുസരിച്ച് ബാറ്റിങ്ങിൽ വ്യതാസം വരുത്താനുമുള്ള കഴിവാണ്  പന്തിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്..”-ബിസിസിഐ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ദ്രാവിഡ് പറഞ്ഞു…

ഇന്ത്യൻ സീനിയർ ടീമിന്റെ വിദേശ പര്യടനങ്ങൾക്ക് മുന്നോടിയായി  ഇന്ത്യ ഏ ടീം നടത്തുന്ന ഷാഡോ വിദേശ പര്യടനം വളരെ ഗുണകരമാണെന്നും സീനിയർ ടീമിലെ ഏതെങ്കിലും താരത്തിന് കളിയ്ക്കാൻ കഴിയാതെ വന്നാലും അത്തരം താരങ്ങൾക്കുള്ള പകരക്കാരെ പെട്ടെന്ന് കണ്ടെത്താൻ ഇതുവഴി കഴിയുമെന്നും ദ്രാവിഡ് പറഞ്ഞു. ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നേ തന്നെ ഇന്ത്യ ഏ ടീം ഇംഗ്ലണ്ടിലെത്തുകയും അവരുടെ ഏ ടീമുമായി മത്സരിക്കുകയും ചെയ്തിരുന്നു.അതുകൊണ്ട് തന്നെ അന്ന് ഇന്ത്യയുടെ  ഏ ടീമിലുണ്ടായിരുന്ന ഋഷഭ് പന്തടക്കമുള്ള താരങ്ങൾ ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി ഇതിനോടകം തന്നെ പൊരുത്തപ്പെട്ടു കഴിഞ്ഞെന്നും ഇത് അവരുടെ പ്രകടനം മികച്ചതാകുമെന്നും ദ്രാവിഡ് പ്രതീക്ഷ പ്രകടിപ്പിച്ചു.