കൂറ്റനാടുള്ളവർ ഇനി വിശപ്പിനെ പേടിക്കണ്ട..!പട്ടിണി മാറ്റാൻ ഫുഡ്ബാങ്ക് റെഡിയാണ്..!

വിശന്നു വലഞ്ഞവർക്ക്  സൗജന്യ ഭക്ഷണം നൽകുന്ന ഫുഡ് ബാങ്കുമായി  കൂറ്റനാട്ടെ യുവാക്കൾ..!കൂറ്റനാട് സ്വദേശി സാബിത്തും കൂട്ടരുമാണ് വിശപ്പിന്റെ ‘വില’യറിഞ്ഞവർക്ക് സൗജന്യമായി ഭക്ഷണം നൽകാനായി ഫുഡ്ബാങ്ക് ഒരുക്കിയിരിക്കുന്നത്.

ധാൻ( പ്രതീക്ഷകൾക്ക് ഒരു കൈത്താങ്ങ്) എന്ന പേരിൽ പ്രവർത്തനമാരംഭിച്ച ഫുഡ്ബാങ്കിൽ നിന്നും ആർക്കുവേണമെങ്കിലും സൗജന്യമായി ഭക്ഷണം കഴിക്കാം..പണമില്ലാത്തതിന്റെ പേരിൽ ഒരു നിർധനൻ പോലും  പട്ടിണി കിടക്കരുതെന്ന ചിന്തയാണ്   ഇത്തരമൊരു ഫുഡ്ബാങ്ക് എന്ന ആശയത്തിലേക്ക് നയിച്ചത്.

കൂറ്റനാട് ഗുരുവായൂർ റോഡിലെ മെൻ ഷെയർ തുണിക്കടക്ക് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ കൗണ്ടറിലാണ് ഭക്ഷണം ഒരുക്കുക. ആവശ്യക്കാർക്ക് ഇതിൽ നിന്നും സൗജന്യമായി ഭക്ഷണം എടുക്കാം.അതുപോലെ തന്നെ തങ്ങളാൽ കഴിയുന്ന ഭക്ഷണങ്ങൾ  ഫുഡ് ബാങ്കിന് നൽകാനും സൗകര്യമൊരുക്കിയിട്ടുണ്ട്.ഇത്തരത്തിൽ ഹോട്ടലുടമകളും മറ്റും നൽകുന്ന ആഹാര സാധനങ്ങൾ ആവശ്യമുള്ള വ്യക്തികളെ കണ്ടെത്തി അവർക്ക് ഭക്ഷണമെത്തിക്കാനുള്ള പദ്ധതികളും ആവിഷ്ക്കരിച്ചിട്ടുണ്ട്.

അന്നന്നുള്ള ഭക്ഷണങ്ങൾ  ആവശ്യക്കാർക്ക് എത്തിച്ചു നൽകിക്കൊണ്ട്  ആഹാര സാധനങ്ങൾ യഥാസമയം നീക്കം ചെയ്യുന്ന തരത്തിലാണ് ഫുഡ് ബാങ്ക് ഒരുക്കിയിരിക്കുന്നത്. കൂടാതെ  ഫുഡ് ബാങ്ക് ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തന്നതിനായി ക്യാമറയടക്കമുള്ള സങ്കേതങ്ങൾ  സ്ഥാപിക്കാനും പദ്ധതിയുള്ളതായി അധികൃതർ പറഞ്ഞു.  സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന കൂറ്റനാട് സ്വദേശി സാബിത്, അൻഷാദ് പട്ടാമ്പി എന്നിവരാണ് ഫുഡ്ബാങ്ക് നടത്തുന്നത്. കേരളത്തിന്റെ മറ്റു പ്രദേശങ്ങളിലും മാതൃകയാക്കാവുന്ന പദ്ധതിക്കായി കൂറ്റനാടുള്ള  വ്യാപാരികളും പൊതു ജനവും മികച്ച പിന്തുണയാണ് നൽകി വരുന്നത്..