രണ്ടാം ഏകദിനം; റൂട്ടിന്റെ സെഞ്ചുറിയിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 323   റൺസ് വിജയ ലക്ഷ്യം.. 116 റൺസെടുത്ത ജോ റൂട്ടിന്റെ ബാറ്റിംഗ് മികവാണ് ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ആക്രമിച്ചു കളിക്കുകയെന്ന പദ്ധതിയുമായി   ലോർഡ്‌സിൽ കളിക്കാനിറങ്ങിയ ഇംഗ്ലണ്ടിനായി ബെയർസ്റ്റോയും ജേസൺ റോയിയും ചേർന്ന് മികച്ച തുടക്കമാണ്  നൽകിയത്.

ബെയർസ്‌റ്റോ പുറത്തായതിന് ശേഷമെത്തിയ റൂട്ട് അനായാസമായി ബാറ്റു വീശിയതോടെ ഇംഗ്ലീഷ് സ്കോർ ബോർഡ് വേഗത്തിൽ കുതിച്ചു. 116 പന്തിൽ 1 8 ഫോറുകളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 113 റൺസെടുത്ത റൂട്ട് പുറത്താകാതെ നിന്നു. സെഞ്ചുറിയുമായി ഇംഗ്ലീഷ് ഇന്നിംഗിസിന് കരുത്തുപകർന്ന റൂട്ടിന് നായകൻ ഇയാൻ മോർഗനും മികച്ച പിന്തുണ നൽകിയതോടെ മധ്യ ഓവറുകളിൽ ഇംഗ്ലണ്ടിനായിരുന്നു ആധിപത്യം.51 പന്തിൽ 53 റൺസടിച്ചതിനു ശേഷമാണ്  മോർഗൻ പുറത്തായത് .

ബെൻ സ്റ്റോക്സിനെയും, ബട്ലറെയും മോയിൻ അലിയെയും പെട്ടെന്ന് പുറത്താക്കി ഇന്ത്യ മത്സരത്തിലേക്ക്  തിരിച്ചു വന്നെങ്കിലും അവസാന ഓവറുകളിൽ റൂട്ടും വില്ലിയും ആഞ്ഞടിച്ചതോടെ ഇംഗ്ലീഷ് സ്കോർ 300 കടക്കുകയായിരുന്നു.ആദ്യ മത്സരത്തിലെ ബൗളിംഗ് ഹീറോ കുൽദീപ് യാദവ് ഇന്ത്യയ്ക്കായി മൂന്നു വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും ബാറ്റിങ്ങിനനുകൂലമായ പിച്ചിൽ മറ്റു ബൗളർമാർക്കൊന്നും ശോഭിക്കാനായില്ല.