ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം;പ്രതീക്ഷയോടെ ഇരു ടീമുകളും

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായുള്ള ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും.മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫൊർഡ്‌ സ്റ്റേഡിയത്തിൽ  ഇന്ന് വൈകീട്ട് അഞ്ചു മണിക്കാണ് വിരാട് കോഹ്‌ലിയുടെ ഇന്ത്യയും ഇയോൻ മോർഗന്റെ ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്.

ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള ടി-20 പരമ്പര സ്വന്തമാക്കിയതിന് ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം ഇന്ന് ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുന്നത്. ഭുവനേശ്വറും ഉമേഷും നയിക്കുന്ന പേസ് നിരയ്‌ക്കൊപ്പം കുൽദീപും ചാഹലും നയിക്കുന്ന സ്പിൻ ബൗളിങ്ങും കൂടി ചേരുന്നതോടെ ഇംഗ്ലണ്ട് നിരയെ സമ്മർദ്ദത്തിലാക്കാമെന്നാണ് ഇന്ത്യ കണക്കു കൂട്ടുന്നത്.

ഡെലിവെറികളിലെ വൈവിധ്യത്താൽ ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാരെ വട്ടം കറക്കിയ കുൽദീപ്  ടി-20 പരമ്പരയിൽ രണ്ടു കളികളിൽ നിന്നായി ആറു വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു.ഇംഗ്ലണ്ടിലെ അപ്രതീക്ഷിതമായ ചൂടൻ കാലാവസ്ഥ ഇന്ത്യൻ സ്പിന്നർമാർക്ക് ഗുണകരമാവുമെന്നാണ് ക്രിക്കറ്റ് പണ്ഡിതരുടെ വിലയിരുത്തൽ.

ബാറ്റിങ്ങിനനുകൂലമായ വരണ്ട പിച്ചിൽ കോഹ്‌ലിയും സംഘവും റൺവിരുന്നൊരുക്കുമെന്ന  പ്രതീക്ഷയിലാണ് ആരാധകർ.അതേസമയം ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ 5-0 തൂത്തുവാരിയതിന്റെ  കരുത്തിലാണ് ഇംഗ്ലണ്ട് ഇന്ത്യയെ എതിരിടാൻ ഇറങ്ങുന്നത്.