റഷ്യൻ ലോകകപ്പിൽ ഇതുവരെ; രസകരമായ കണക്കുകൾ കാണാം

July 4, 2018

കുഞ്ഞൻ ടീമുകളെന്ന് വിലയിരുത്തപ്പെട്ടവരുടെ പോരാട്ടവീര്യമാണ് റഷ്യൻ ലോകകപ്പിന്റെ പ്രധാന സവിഷേതകളിൽ ഒന്ന്..കളികാണാനെത്തുന്ന കാണികളുടെ എണ്ണത്തിലും ടൂർണമെന്റിന്റെ സം ഘാടനത്തിലും വളരെയേറെ മികവ് പുലർത്തിയ റഷ്യൻ ലോകകപ്പ് അതിന്റെ അവസാന റൗണ്ടുകളിലേക്ക് കടന്നിരിക്കുകയാണ്..ഏറ്റവും മികച്ച പോരാട്ടം കാഴ്ചവെച്ച എട്ടു ടീമുകളാണ് കലാശപ്പോരാട്ടത്തിനും ലോകകിരീടത്തിനുമായി മാറ്റുരയ്ക്കാനിറങ്ങുന്നത്..ലോകകപ്പിലെ ഇതുവരെ കഴിഞ്ഞ കളികളിലെ രസകരമായ കണക്കുകൾ പരിശോധിക്കാം.

ബെൽജിയൻ തിരിച്ചുവരവ്

48 വർഷങ്ങൾക്ക് ശേഷമാണ് രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന ഒരു ടീം നോകൗട്ട് ഘട്ടത്തിൽ വിജയം നേടുന്നത്.ജപ്പാനെതിരെ രണ്ടു ഗോളിന് പിറകിലായ ശേഷം ബെൽജിയമാണ് മൂന്നു ഗോളുകൾ തിരിച്ചടിച്ച് വിജയം നേടിയത്.1970 ൽ പശ്ചിമ ജർമ്മനിയാണ് സമാനമായ രീതിയിൽ ഇതിന് മുൻപ് വിജയം നേടിയിട്ടുള്ളത്.1970 ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു പശ്ചിമ ജർമനിയുടെ വിജയം.

അവസാന മിനുട്ടുകളിലെ ഗോളുകൾ 

റഷ്യൻ ലോകകപ്പിൽ സ്കോർ ചെയ്ത 146 ഗോളുകളിൽ 31 എണ്ണം(21%) മത്സരത്തിന്റെ 80 മിനിട്ടുകൾക്ക് ശേഷം പിറന്നവയായിരുന്നു..അവസാന നിമിഷങ്ങളിൽ കളിയുടെ ഗതി മാറ്റുന്ന നിരവധി ഗോളുകൾ പിറന്ന മത്സരങ്ങൾക്കാണ് റഷ്യൻ ലോകകപ്പ് സാക്ഷിയായത്.

ഏറ്റവും കൂടുതൽ പെനാൽറ്റികൾ നൽകപ്പെട്ട ലോകകപ്പ് 


28 പെനാൽറ്റികളാണ് റഷ്യയിൽ ഇതുവരെ നൽകപ്പെട്ടത്.ഇതോടെ ഏറ്റവും കൂടുതൽ പെനാൽറ്റികൾ വിളിക്കപ്പെട്ട ലോകകപ്പായി റഷ്യൻ ലോകകപ്പ് മാറി.28 ൽ 21 പെനാൽറ്റികളും ലക്ഷ്യം കണ്ടു.

ലോക ചാമ്പ്യന്മാരുടെ ദുർവിധി   

തുടർച്ചയായ മൂന്നു ലോകകപ്പിലും നിലവിലെ ചാമ്പ്യന്മാർ ആദ്യ റൗണ്ടിൽ തന്നെ പുറത്താകുന്ന രസകരമായ കാഴ്ചയാണ് ഫുട്ബാൾ ലോകം കണ്ടത്.ഇറ്റലിക്കും സ്പെയിനും പുറമെ ജർമനിയാണ് ചാമ്പ്യൻമാരുടെ  ദുരന്തങ്ങളുടെ പട്ടികയിൽ അവസാനമായി ഇടം പിടിച്ചത്

മറഡോണക്കൊപ്പമെത്തി ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ

നായകനായിരിക്കെ  ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന ഡീഗോ മറഡോണയുടെ റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് നായകൻ ഹാരി കെയ്ൻ..ആറു ഗോളുകളാണ് അർജന്റീനൻ നായകനായിരിക്കെ ലോകകപ്പ് മത്സരങ്ങളിൽ നിന്നായി  മറഡോണ നേടിയത്.ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇംഗ്ലണ്ട് താരമെന്ന ലിനേക്കറുടെ റെക്കോർഡിനൊപ്പമെത്താനും ഹാരി കെയ്നായി