നെയ്മർ റയലിലേക്ക്?; നിലപാട് വ്യക്തമാക്കി റയൽ മാഡ്രിഡ് മാനേജ്‍മെന്റ്

PARIS, FRANCE - FEBRUARY 25: Neymar Jr of Paris Saint Germain during the French League 1 match between Paris Saint Germain v Olympique Marseille at the Parc des Princes on February 25, 2018 in Paris France (Photo by Jeroen Meuwsen/Soccrates/Getty Images)

നെയ്മറിനെ സാന്റിയാഗോ ബെർണാബുവിലെത്തിക്കാനുള്ള നീക്കങ്ങൾ  റയൽ മാഡ്രിഡ് സജീവമാക്കിയെന്ന  വാർത്തകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫുട്ബാൾ ലോകത്ത് ചൂടുപിടിക്കുന്നത്.  യുവേഫ ചാമ്പ്യൻസ് ലീഗിലെ റയലിന്റെ ഹാട്രിക് കിരീട ധാരണത്തിൽ നിർണ്ണായക സാന്നിധ്യമായ സൂപ്പർ താരം ക്രിസ്റ്റിയാനോയെ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിന് കൈമാറിയതോടെയാണ്  നെയ്മറിന്റെ കൂടുമാറ്റ വാർത്തകൾ വീണ്ടും സജീവമായത്. ദി സൺ അടക്കമുള്ള നിരവധി അന്തർദേശീയ മാധ്യമങ്ങളും നെയ്മറുടെ റയൽ മാഡ്രിഡ് ട്രാൻസ്ഫർ സംബന്ധിച്ച സൂചനകളടങ്ങുന്ന വാർത്തകൾ നൽകിയിരുന്നു.

എന്നാൽ നെയ്മറുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ഉയർന്നുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങൾക്ക് മറുപടിയുമായി റയൽ മാഡ്രിഡ് തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.

“നെയ്മറെ ടീമിലെത്തിക്കാനുള്ള യാതൊരു നടപടികളും റയൽ മാഡ്രിഡ് മാനേജ്‍മെന്റ് കൈക്കൊണ്ടിട്ടില്ല.നിലവിൽ നെയ്മറെ ടീമിലെത്തിക്കാനുള്ള ഒരു പദ്ധതിയുമില്ല. നെയ്മറിന്റെ ടീമായ പാരീസ് സെന്റ്ജർമയ്‌നുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് റയൽ മാഡ്രിഡ്..അതുകൊണ്ട് തന്നെ നെയ്മറെ ടീമിലെത്തിക്കാനുള്ള പദ്ധതികൾ  ആദ്യം ചർച്ച ചെയ്യുന്നത് പിഎസ്ജിയുമായിട്ടായിരിക്കും.”- റയൽ മാഡ്രിഡ് ടീം മാനേജ്‍മെന്റ് വ്യക്തമാക്കി.

നേരെത്തെ ഫ്രാൻസിന്റെ യുവ സെൻസേഷൻ കിലിയൻ എംബാപ്പയെ ടീമിലെത്തിക്കാൻ റയൽ ശ്രമിക്കുന്നതായി വാർത്തകൾ വന്നിരുന്നു.അന്നും സമാന രീതിയിൽ എംബാപ്പയ്ക്കായി തങ്ങൾ  നീക്കങ്ങൾ നടത്തുന്നില്ലെന്ന് റയൽ മാനേജ്‍മെന്റ് ഔദ്യോഗികമായി തന്നെ അറിയിച്ചിരുന്നു