‘നിങ്ങളിതു കാണുക…ജയസൂര്യ വരുന്നു ആ ഫ്രീ കിക്കെടുക്കാൻ’…വൈറലായി ഷൈജു ദാമോദരൻ …വീഡിയോ കാണാം

ജയസൂര്യ നായകനായി എത്തുന്ന ക്യാപ്റ്റൻ എന്ന ചിത്രത്തിന്റെ നൂറാം ദിന വിജയം ആഘോഷിക്കുകയാണ് ക്യാപ്റ്റൻ സിനിമയുടെ അണിയറപ്രവർത്തകർ.  ഫുട്ബോൾ ആവേശത്തിന് കമൻട്രി നൽകി ശ്രദ്ധേയനായ ഷൈജു ദാമോദരന്റെ ആഘോഷവേളയിലെ പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഫുട്ബോളിലെ താരങ്ങൾക്ക് വേണ്ടി ശബ്ദം നൽകിയ ഷൈജു ആദ്യമായി ഒരു സിനിമ താരത്തിന് വേണ്ടി ശബ്ദം നൽകിയിയിരിക്കുകയാണ് ക്യാപ്റ്റൻ ചിത്രത്തിന്റെ വിജയവേളയിൽ.

“ജയസൂര്യ വരുന്നു ആ ഫ്രീക്ക് കിക്ക് എടുക്കാൻ, ജയസൂര്യ.. ജയസൂര്യ… നിങ്ങളിത് കാണുക , വൈ ദിസ് മാൻ ഈസ് കോൾഡ് എ ജീനിയസ് ഇൻ മലയാള സിനിമ….”ഷൈജുവിന്റെ കമൻട്രി ആവേശത്തോടെയും നിറഞ്ഞ കൈയ്യടിയോടെയുമാണ് സദസ്സും ജയസൂര്യയും ഏറ്റെടുത്തത്.

ഇന്ത്യൻ ഫുട്ബോളിന് കേരളം നൽകിയ ഇതിഹാസ തുല്യനായ കാൽപ്പന്തുകളിക്കാരൻ  വി പി സത്യന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ക്യാപ്റ്റൻ. ഈ ചിത്രത്തിന്റെ നൂറാം വിജയ് ദിനത്തിൽ  ചിത്രത്തെ പ്രശംസിച്ച് നിരവധി ആളുകളാണ് എത്തിയത്. ഫുട്ബോൾ മൈതാനങ്ങളിൽ ചരിത്രം രചിച്ച വിപി സത്യന്റെ മൈതാനത്തിനു പുറത്തുള്ള ജീവിതം വരച്ചിട്ട ചിത്രം സംവിധാനം ചെയ്ത പ്രജേഷ് സെന്നിന്റെ സംവിധാന മികവിനെയും പ്രശംസിച്ച് നിരവധി സിനിമാതാരങ്ങൾ രംഗത്തെത്തി.

നിറഞ്ഞ സദസ്സുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ക്യാപ്റ്റനിൽ ജയസൂര്യ വിപി  സത്യൻ എന്ന പോരാളിയായ ഫുട്‍ബോളറായി ജീവിക്കുകയായിരുന്നുവെന്നും സത്യന്റെ ഭാര്യയുടെ വേഷം കൈകാര്യം ചെയ്ത അനു സിത്താരയും തന്റെ റോൾ മികച്ച കൈയടക്കത്തോടെ സ്‌ക്രീനിലെത്തിച്ചുവെന്നും സംവിധായൻ സത്യൻ അന്തിക്കാട് നേരത്തെ പറഞ്ഞിരുന്നു.