തായ് ഗുഹയിലകപ്പെട്ട അവസാനത്തെ കുഞ്ഞും പുറത്തെത്തി; ഐതിഹാസിക രക്ഷാ പ്രവർത്തനത്തിൽ കൈയ്യടിച്ച് ലോകം

വടക്കൻ തായ്‌ലൻഡിലെ ഗുഹയിലകപ്പെട്ട മുഴുവൻ പേരെയും സുരക്ഷിതമായി പുറത്തെത്തിച്ച് സുരക്ഷാ സേന.പതിനേഴു ദിവസത്തിനു ശേഷമാണ് ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുർഘടമേറിയ  രക്ഷാ പ്രവർത്തനത്തിലൂടെ 13  പേരെയും രക്ഷപ്പെടുത്തിയത്..

13 പേരിൽ എട്ടു പേരെ കഴിഞ്ഞ ദിവസം തന്നെ പുറത്തെത്തിച്ചിരുന്നു..കോച്ചിനെയും  ശേഷിക്കുന്ന നാലു കുട്ടികളെയും ഇന്നത്തെ രക്ഷാപ്രവർത്തനത്തിലൂടെ ഗുഹയിൽ നിന്നും പുറത്തെത്തിക്കുകയായിരുന്നു..13 പേരും ഗുഹയ്ക്ക് പുറത്തെത്തിയ വിവരം തായ് നേവി തന്നെയാണ് പുറത്തുവിട്ടത്.

19 പേരടങ്ങുന്ന ഡൈവിംഗ് വിദഗ്ദരുടെ നേതൃത്വത്തിലുള്ള രക്ഷാദൗത്യത്തിന് ശേഷമാണ് ലോകം കാത്തിരുന്ന ആ വാർത്ത എത്തിയത്..ഗുഹയ്ക്ക് പുറത്തെത്തിച്ച എല്ലവരെയും ചിയാങ്ങിലെ ആശുപത്രയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു..ആയിരത്തിലധികം വരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ജീവൻ പണയം വെച്ചുള്ള നിരന്തര ശ്രമങ്ങൾക്ക് ശേഷമാണ്  ഗുഹയിലകപ്പെട്ട അവസാനത്തെ  ആളെയും സുരക്ഷിതമായി പുറത്തെത്തിച്ചത്.

ഗുഹയിലകപ്പെട്ടവർക്ക് ഓക്സിജൻ എത്തിച്ചു മടങ്ങവേ മരണത്തിന് കീഴടങ്ങിയ സുമൻ കുനാൻ എന്ന ഡൈവിങ് വിദഗ്ദ്ധന്റെ വിയോഗത്തിൽ  ലോകം കണ്ണീരണിഞ്ഞു നിൽക്കവെയാണ്  മുഴുവൻ പേരും സുരക്ഷിതരായി പുറത്തെത്തിയ വിവരം പുറത്തുവന്നത്..