താര രാജാക്കന്മാർക്ക് പിറന്നാൾ ആശംസകളുമായി ടൊവിനോ….വീഡിയോ കാണാം

ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ദുൽഖർ സൽമാനും ധനുഷിനും ആശംസകളുമായി എത്തിയിരിക്കുകയാണ് യുവതാരം ടൊവിനോ തോമസ്. താരത്തിന്റെ പുതിയ ചിത്രം മറഡോണ ഇന്നലെ റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മറഡോണയുടെ പ്രേക്ഷകരോട് നന്ദി പറയുന്ന വീഡിയോയിലാണ് താരം മലയാളത്തിലെയും തമിഴിലെയും താരപുത്രന്മാർക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്. ടൊവിനോ തന്നെയാണ് വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന യുവതാരങ്ങളിലൊരാളായി മാറിയ ദുൽഖർ സൽമാന് ഇന്ന് മുപ്പത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുകയാണ്. സിനിമ പ്രവർത്തകരും ആരാധകരുമായി നിരവധി ആളുകളാണ് മലയാളത്തിന്റെ കുഞ്ഞിക്കായ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്.

മലയാളികളും തമിഴകവും ഒരുപോലെ സ്നേഹിക്കുന്ന തമിഴ് താരം ധനുഷിനും പിറന്നാൾ ആശംസകളുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്.

ദിലീഷ് പോത്തൻ, ആഷിഖ് അബു, സമീർ താഹിർ എന്നിവർക്കൊപ്പം സഹ സംവിധായകനായി പ്രവർത്തിച്ചിരുന്ന വിഷ്ണു നാരായണൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറഡോണ. റൊമാന്റിക് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ  പുതുമുഖ താരം ശരണ്യ ആർ നായരാണ്  ടൊവിനോയുടെ നായികയായി എത്തുന്നത്. മിനി സ്റ്റുഡിയോയുടെയും വിനോദ് പ്രൊഡക്ഷന്സിന്റെയും ബാനറിൽ വിനോദ് കുമാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ  ഒരുക്കിയിരിക്കുന്നത് കൃഷ്ണമൂർത്തിയാണ്.

ചെമ്പൻ വിനോദ്, ടിറ്റോ ജോസ്, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ഫുട്ബാൾ ഇതിഹാസം മറഡോണയുടെ  പേരാണ്  ചിത്രത്തിനും നൽകിയിരിക്കുന്നതെങ്കിലും ഫുട്ബോളുമായി യാതൊരു ബന്ധവുമില്ലാത്ത ചിത്രമാണ് മറഡോണ. ഇന്നലെ തിയേറ്ററുകൾ കീഴടക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.