‘എവിടെയും എന്റെ പുഞ്ചിരിപ്പെണ്ണ്’: ശാന്തിയുടെ ഓര്‍മ്മയുമായി വീണ്ടും ബിജിബാല്‍

August 31, 2018

ജീവിതം യൗവനതീക്ഷണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കണമെന്ന് ബഷീര്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. പ്രണയം അത്രമേല്‍ സുന്ദരമാണല്ലോ. ഹൃദയത്തിനുള്ളില്‍ ആഴത്തില്‍ വേരൂന്നിയ പ്രണയത്തെ ഒരിക്കലും പറിച്ചെറിയാനാവില്ലെന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തുകയാണ് സംഗീത സംവിധായകന്‍ ബിജിബാല്‍. നെഞ്ചോട് ചേര്‍ത്തുപിടിച്ചവര്‍ ഒരിക്കലും തിരിച്ചെത്താനാവത്തത്ര ദൂരത്തിലേക്ക് മായുമ്പോഴും അവരുടെ മരിക്കാത്ത ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ജീവിക്കാന്‍ കുറച്ച് പേര്‍ക്കേ കഴിയൂ. പ്രണയത്തിന്റെ ആഴം അത്ര ആഴത്തില്‍ വേരൂന്നിയവര്‍ക്ക് മാത്രം. അകാലത്തില്‍ തന്നെ വിട്ടുപോയ പ്രിയതമ ശാന്തിയുടെ ഓര്‍മ്മ വീണ്ടും പങ്കുവയ്ക്കുകയാണ് ബിജിബാല്‍. ‘എവിടെയും കൂടെ എന്റെ പുഞ്ചിരിപ്പെണ്ണ്’ എന്ന കുറിപ്പോടെയാണ് ചെറുപുഞ്ചിരി തൂകുന്ന ഭാര്യയുടെ വീഡിയോ ബിജിബാല്‍ പങ്കുവെച്ചത്. ലതാ മങ്കേഷ്‌കറിന്റെ എക്കാലത്തേയും സൂപ്പര്‍ഹിറ്റ് ഗാനമായ ‘തൂജഹാം ജഹാം ചലേഗ…’ എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ.

 

മുമ്പും പല തവണ ഭാര്യ ശാന്തിയെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുകള്‍ ബിജിബാല്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ശാന്തിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബിജിബാല്‍ പുറത്തിറക്കിയ ‘മയീ മീനാക്ഷി’ എന്ന ആല്‍ബവും പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ‘ഒരു കുങ്കുമച്ചെപ്പോ കുപ്പിവളകളോ മതി നിന്റെ കണ്ണുകള്‍ അതിശയം കൊണ്ട് തിളങ്ങാന്‍. കവിളുകള്‍ ഇഷ്ടം കൊണ്ട് ചുവക്കാന്‍. നാളെ നിന്റെ പിറന്നാളില്‍ ഞാന്‍ നിനക്കൊരു സമ്മാനം തരും. എനിക്കിപ്പൊഴേ കാണാം കവിളിലെ പൂത്ത ചെമ്പനീര്‍ കാട്. കണ്ണിലെ നക്ഷത്രജാലം: ഇങ്ങനെ കുറിച്ചുകൊണ്ടാണ് ശാന്തിയുടെ ജന്മദിനത്തോടനുബന്ധിച്ച് ‘മയീ മീനാക്ഷി’ എന്ന ആല്‍ബം ബിജിബാല്‍ പുറത്തിറക്കിയത്.

തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു ശാന്തി ബിജിബാലിന്റെ മരണം. പ്രശസ്തയായ നര്‍ത്തകി കൂടിയായിരുന്നു ശാന്തി. 2007 ല്‍ പുറത്തിറങ്ങിയ ലാല്‍ജോസ് സംസിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ സംഗീതം സംവിധാനം ചെയ്തുകൊണ്ടായിരുന്നു ബിജിബാലിന്റെ സിനിമാരംഗത്തേക്കുള്ള പ്രവേശനം. മമ്മൂട്ടി നായകനായി എത്തിയ പാലേരി മാണിക്യം എന്ന ചിത്രത്തില്‍ ‘പാലേറും നാടായ…’ എന്നു തുടങ്ങുന്ന ഗാനവും ബിജിബാല്‍ ആലപിച്ചിട്ടുണ്ട്. 2008 ല്‍ മികച്ച സംഗീത സംവിധായകനുള്ള മുല്ലശ്ശേരി പുരസ്‌കാരവും ബിജിബാലിനെ തേടിയെത്തി. ദയ എന്നീ രണ്ട് മക്കളാണ് ബിജിബാല്‍ ശാന്തി ദമ്പതികള്‍ക്ക്. യൂട്യൂബില്‍ തരംഗമായി മാറിയ ‘ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ…’ എന്നു തുടങ്ങുന്ന ഗാനവും ആലപിച്ചിരിക്കുന്നത് ദയ ബിജിബാലാണ്.