രക്ഷകർക്ക് മുന്നിൽ നിറകണ്ണുകളും കൂപ്പുകരങ്ങളുമായി കളക്ടർ.. വീഡിയോ കാണാം

August 30, 2018

പ്രളയ ദുരിതത്തിൽ അകപ്പെട്ട കേരളത്തിലെ ജനങ്ങൾക്ക് സ്നേഹത്തിന്റെയും കരുതലിന്റെയും രൂപത്തിൽ രക്ഷകരായി അവതരിച്ചവരാണ് നമ്മുടെ മത്സ്യതൊഴിലാളികൾ.. കേരളം നേരിട്ട മഹാദുരന്തത്തെ ഒന്നാകെ അതിജീവിച്ച് വരികയാണ് നമ്മൾ. പ്രളയത്തിൽ അകപ്പെട്ട  ജനങ്ങൾക്ക് സഹായ ഹസ്തവുമായി രക്ഷാപ്രവർത്തകരുടെ രൂപത്തിൽ നിരവധി ദൈവങ്ങളാണ് കേരളത്തിൽ അവതരിച്ചത്. നാവിക സേനയ്ക്കും ആർമി ഉദ്യോഗസ്ഥർക്കും പോലീസുകാർക്കുമൊപ്പം കേരളത്തിന് കൈത്താങ്ങായി എത്തിയവരാണ് നമ്മുടെ മത്സ്യ തൊഴിലാളികളും. യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ മനുഷ്യ ജീവന് മാത്രം വിലകൽപ്പിച്ച് കേരളത്തെ സഹായിക്കാൻ എത്തിയവർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയുമായി എത്തിയിരിക്കുകയാണ് നമ്മുടെ തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകി.

പ്രളയകാലത്തെ സ്തുത്യർഹമായ വാസുകിയുടെ സേവനത്തിനും, ദുരിതബാധിതർക്ക് നൽകിയ ഊർജത്തിനും ആശ്വാസ വാക്കുകൾക്കും കേരളക്കര കളക്ടർക്ക് നിറഞ്ഞ കൈയ്യടി നൽകിയിരുന്നു. കേരളത്തിന് എന്നും അഭിമാനമായുള്ള ജില്ലാ കളക്ടരുടെ പ്രസംഗത്തിൽ നിന്നുള്ള വാക്കുകൾ കാണാം..

”മൽസ്യതൊഴിലാളികളോട് എപ്പോഴും എനിക്ക് പ്രത്യേകം സ്നേഹവും ബന്ധവും ഉണ്ടായിരുന്നു. ഇപ്പോൾ ആ സ്നേഹം വീണ്ടും കൂടി. നിങ്ങൾ ചെയ്ത സേവനം എത്ര വലുതാണെന്ന് പറയുന്നതിന് മുമ്പ് എന്റെ നാട്ടിലെ സംസ്കാരം അനുസരിച്ച് കൈകൂപ്പി നിങ്ങൾക്ക് നന്ദി പറയുന്നു…ഈ നന്ദി എന്റെ മാത്രമല്ല, കേരളത്തിലെ മറ്റ് ജില്ലകളിലെ കളക്ടർമാരുടെയും സർക്കാരിന്റേതുമാണ്..

മത്സ്യതൊഴിലകൾക്കൊപ്പം നന്ദി പറയേണ്ടവരാണ് നമ്മുടെ കേരളത്തിലെ ലോറി തൊഴിലാളികളും..സഹായത്തിനായി മൽസ്യതൊഴിലാളികളെ വേണമെന്ന് പത്തനംതിട്ട ജില്ലാകലക്ടർ ഹരികിഷോർ വിളിച്ചു. എനിക്ക് അറിയാവുന്ന മത്സ്യ തൊഴിലാളികളെയും പള്ളിയിൽ അച്ചന്മാരെയും വിളിച്ചു. എങ്കിലും ഇത്രയധികം മൽസ്യതൊഴിലാളികളെ എങ്ങനെ സേവനത്തിനായി കണ്ടെത്തും എന്ന് വിഷമിച്ചിരുന്നപ്പോഴാണ് ഫാദർ തിയോഡിയസ് വിളിച്ചത്. എത്ര മത്സ്യതൊഴിലകളെ വേണമെങ്കിലും തരാമെന്ന് അച്ചൻ പറഞ്ഞു. ബൈബിളിൽ പറയുന്നത് നോഹയാണ് വലിയ പ്രളയത്തിൽ നിന്നും ആളുകളെ രക്ഷിച്ചതെന്നാണ് ഇവിടെ ഓരോ മത്സ്യത്തൊഴിലാളികളും നോഹ ആകുകയായിരുന്നു…” കേരളം ഈ വലിയ പ്രളയത്തെ ശക്തമായി നേരിട്ടതിൽ നന്ദി പറയേണ്ടവർ ഇനിയും ഒരുപാട് പേരുണ്ട്..നന്ദിയോടെ കൈകൾ കൂപ്പി കളക്ടർ പറഞ്ഞുനിർത്തി.