പ്രളയത്തെ അതിജീവിച്ച മണ്‍വീട്

August 28, 2018

പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തില്‍ അതിജീവനത്തിന്റെ ഉയിര്‍പ്പുഗീതങ്ങള്‍ ഉയര്‍ന്നുതുടങ്ങി. മനുഷ്യരുടേയും മൃഗങ്ങളുടേയുമടക്കം നിരവധി അതിജീവന കഥകളാണ് ദിനംപ്രതി മലയാളികള്‍ കേള്‍ക്കുന്നത്. പ്രളയക്കെടുതിയെ അതിജീവിച്ച ഒരു മണ്‍വീടിന്റെ കഥയും സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നു. മഹാപ്രളയത്തില്‍ കോണ്‍ക്രീറ്റ് വീടുകള്‍ പോലും തകര്‍ന്നടിഞ്ഞപ്പോള്‍ പ്രളയത്തെ കരുത്തോടെ അതിജീവിക്കാന്‍ ഈ മണ്‍വീടിനു കഴിഞ്ഞു.

പ്രശസ്ത ആര്‍ക്കിടെക്റ്റും പ്രചാരകനുമായ ജി. ശങ്കറിന്റേതാണ് പ്രളയത്തെ അതിജീവിച്ച ഈ മണ്‍വീട്. ഒരായുസിന്റെ സ്വപ്‌നസാക്ഷാത്കാരം എന്ന നിലയിലാണ് ജി. ശങ്കര്‍ സിദ്ധാര്‍ത്ഥ എന്ന ഈ മണ്‍വീട് മെനഞ്ഞെടുത്തത്. നിര്‍മ്മാണം പൂര്‍ത്തിയായ വീട് കണ്ടപ്പോള്‍ പലരും ശങ്കറിനോട് പറഞ്ഞു: ഒരു മഴയത്ത് തീരും ഈ വീടെന്ന്. എന്നാല്‍ മഴയെയല്ല മഹാപ്രളയത്തെത്തന്നെ അതിജീവിച്ചിരിക്കുകയാണ് സിദ്ധാര്‍ത്ഥ. ശങ്കറിന്റെ വീടും പ്രളയത്തില്‍ പാതി മുങ്ങിയിരുന്നു. എന്റെ രക്തം, എന്റെ വിയര്‍പ്പ്, എന്റെ കണ്ണുനീര്‍ എന്ന അടിക്കുറിപ്പോടെ പ്രളയത്തില്‍ പാതിമുങ്ങിയ തന്റെ വീടിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ ശങ്കര്‍ പങ്കുവെച്ചു.

എന്നാല്‍ പ്രളയകാലം ഒരു വിളിപ്പാടകലെ മാറിനിന്നപ്പോള്‍ പ്രളയത്തെ അതിജീവിച്ച സിദ്ധാര്‍ത്ഥയുടെ ചിത്രങ്ങളുമായി ജി. ശങ്കര്‍ വീണ്ടും സാമൂഹ്യ മാധ്യമങ്ങളിലെത്തി. ഈര്‍പ്പം തങ്ങിനിന്നതിന്റെ ചില പാടുകള്‍ മാറ്റിനിര്‍ത്തിയാല്‍ സിദ്ധാര്‍ത്ഥയ്ക്ക് മറ്റ് കേടുപാടുകള്‍ ഒന്നുംതന്നെയില്ല. നല്ലൊരു വെയില്‍ വന്നാല്‍ ഈ പാടുകളും മാറുമെന്നാണ് ശങ്കറിന്റെ വ്യാഖ്യാനം. മണ്‍വീടിന്റെ ഉറപ്പിനെ പ്രളയം തെല്ലും ബാധിച്ചിട്ടില്ല. കേരളത്തെ ഉലച്ച പ്രളയത്തില്‍ തളരാത്ത അതിജീവനത്തിന്റെ ഒരു ശേഷിപ്പാകുകയാണ് ജി. ശങ്കറിന്റെ സിദ്ധാര്‍ത്ഥ എന്ന ഈ മണ്‍വീട്.