കനത്ത സുരക്ഷ ഒരുക്കി സർക്കാർ; ഇതുവരെ ദുരന്ത നിവാരണ സേന രക്ഷപെടുത്തിയത് 500 -ഓളം ആളുകളെ

കേരളത്തിലെ മിക്ക ജില്ലകളിലും കനത്ത മഴ തുടരുന്നതിനാൽ അതീവ സുരക്ഷ ഒരുക്കി കേരള സർക്കാർ. പലയിടങ്ങളിലെയും സ്ഥിതി അതീവ ഗുരുതരമായതിനാൽ കേന്ദ്രത്തിൽ നിന്നും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ എത്തിച്ചിരിക്കുകയാണ്. അടിയന്തര സഹായത്തിനായി നിരവധി നാട്ടുകാരും വിവിധ ദുരന്ത നിവാരണ സേനകളും രംഗത്തുണ്ട്. ഇന്ന് മാത്രമായി ഏകദേശം 500 -ഓളം ആളുകളെ രക്ഷാപ്രവർത്തകർ രക്ഷപെടുത്തിയിട്ടുണ്ട്.

ആലുവ, ആറന്മുള മേഖലയിൽ നിന്നും 132 പേരെ നാവികസേനാ ഹെലികോപ്റ്ററില്‍ രക്ഷപെടുത്തി. എല്ലാവരെയും കൊച്ചിയിലെ നാവിക ആസ്ഥാനത്തെ ക്യാമ്പിൽ എത്തിച്ചു. സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍ എന്നിവര്‍ ഈ കൂട്ടത്തിലുണ്ട്. ആറന്മുള എഞ്ചിനിയിറിംഗ് കോളേജിലെ 29 വിദ്യാര്‍ത്ഥികളും ഇവരില്‍പ്പെടും. ഇവരുടെ ആരോഗ്യസ്ഥിതി നേവി ആശുപത്രിയില്‍ പരിശോധിച്ച് വരികയാണ്. നേവിയുടെ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്ന് വൈകുന്നേരത്തോടെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് 200 ഓളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനാകുമെന്നാണ് കരുതുന്നത്. പത്തനംതിട്ടയിലെ ആറന്മുള ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍നിന്ന് ദേശീയ ദുരന്തനിവാരണ സേന 400 ഓളം പേരെ രക്ഷപ്പെടുത്തി.

അതേസമയം ആലുവ, ചാലക്കുടി പ്രദേശങ്ങളിൽ വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്. കനത്ത ജാഗ്രതാ നിർദ്ദേശങ്ങളുമായി സർക്കാർ രംഗത്തുണ്ട്. പറ്റാവുന്ന സ്ഥലങ്ങളിലെല്ലാം സുരക്ഷാ ദുരന്ത നിവാരണ സേന രംഗത്തുണ്ട്. അതേസമയം റെസ്ക്യൂ ടീം നൽകിയ പല നമ്പറുകളിലും പ്രവർത്തന രഹിതമാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.