മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായ ഹസ്തവുമായി അയൽ സംസ്ഥാനങ്ങൾ

August 10, 2018

കേരളത്തില്‍  മഴ രൂക്ഷമായതിനെത്തുടർന്ന് നിരവധി ആളുകൾ മരിക്കുകയൂം മഴക്കെടുതി മൂലം നിരവധി അപകടങ്ങളും  തുടരുന്നതിനിടെ സഹായഹസ്തവുമായി അയൽ  സംസ്ഥാനങ്ങളായ  തമിഴ്നാടും കര്‍ണാടകവും എത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായും രക്ഷാപ്രവര്‍ത്തനത്തിന് പ്രധാന മന്ത്രി സൈനിക വിഭാഗങ്ങളെ അയച്ചതായും മുഖ്യമന്ത്രി  പിണറായി പറഞ്ഞു. കേരളം ഗുരുതരമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരായുകയും ആവശ്യമായ സഹായം ഉറപ്പു നല്‍കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി  അറിയിച്ചു.

അതേസമയം കനത്ത മഴ കാരണം ദുരിതമനുഭവിക്കുന്ന  കേരളത്തിന് 5 കോടി രൂപ ധന സഹായം  നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. കേരളത്തിന് ദുരിതാശ്വാസവുമായി പത്തു കോടി രൂപ കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും കുമാരസ്വാമി അറിയിച്ചു. ബാണാസുര സാഗറില്‍ നിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നതിന് കബനി നദിയില്‍ കര്‍ണാടക ഭാഗത്തുള്ള ഷട്ടറുകള്‍ കേരളത്തിന്റെ ആവശ്യപ്രകാരം തുറന്നതായും എച്ച്.ഡി കുമാരസ്വാമി അറിയിച്ചു.

ശക്തമായ മഴ തുടരുന്ന സംസ്ഥാനത്ത് 23 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.  പലയിടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി.  ഇതാദ്യമായിട്ടാണ് സംസ്ഥാനത്ത് 24 ഡാമുകള്‍ തുറക്കേണ്ടി വന്നത്. നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്നത് അസാധാരണ സാഹചര്യമെന്നും അതു കൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കനത്ത മഴയെത്തുടർന്ന് ഇടുക്കിയിലെ ഡാമിന്റെ ഷട്ടറുകൾ തുറന്നു. 26 വർഷങ്ങൾക്ക് ശേഷമാണ് ചെറുതോണി ഡാം തുറക്കുന്നത്.ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ദുരന്ത നിവാരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമെന്ന് ജില്ലാഭരണകൂടം വിശദമാക്കിയിട്ടുണ്ട്. ദുരന്ത നിവാരണ സേനയ്ക്ക് പുറമെ കരസേന, നാവികസേന, വായുസേന, തീരസംരക്ഷണസേന എന്നിവയും സേവനത്തിന് സന്നദ്ധമായി നിലയുറപ്പിച്ചിട്ടുണ്ട്.