കേരളത്തിന്റെ അതിജീവനത്തിനായി കൈകോര്‍ത്ത് റഹ്മാനും കൂട്ടരും

September 3, 2018

സംഗീത ലോകത്തെ മാന്ത്രികന്‍ എ.ആര്‍ റഹ്മാനും സംഘവും കേരളത്തിന്റെ അതിജീവനത്തിനായി കൈകോര്‍ത്തു. ദുരിതാശ്വാസ നിധിയിലേക്കായി സ്വരൂപിച്ചത് ഒരു കോടി രൂപയാണ്. യുഎസില്‍ പര്യടനം നടത്തുന്ന ഏ.ആര്‍ റഹ്മാനും ട്രൂപ്പിലെ മറ്റ് അംഗങ്ങളും ചേര്‍ന്നാണ് ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്കായി സ്വരൂപിച്ചത്. റഹ്മാന്‍ തന്നെ ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്.

പ്രളയം ഉലച്ച കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ സഹായഹസ്തങ്ങല്‍ നീട്ടിയിവര്‍ നിരവധിയാണ്. സിനിമാരംഗത്തും സംഗീതരംഗത്തും കായികരംഗത്തു നിന്നുമെല്ലാം നിരവധിപേര്‍ കേരളത്തിന്റെ അതിജീവനത്തിനായി സംഭാവന നല്‍കി. അനവധിപേര്‍ കൂടുതല്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുമുണ്ട്. മലയാളികള്‍ തങ്ങളുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിനും വലിയ പിന്തുണയാണ് ലഭിക്കുന്നത്.

പതിനൊന്നാം വയസില്‍ ആരംഭിച്ചതാണ് റഹ്മാന്‍ തന്റെ സംഗീത ജീവിതം. യോദ്ധാ എന്ന മലയാളചലച്ചിത്രത്തിലെ സംഗീതസംവിധാനത്തിലൂടെ മലയാളികള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായി റഹ്മാന്‍. 1992 ല്‍ പുറത്തിറങ്ങിയ ണണിരത്‌നത്തിന്റെ റോജ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ലോക സംഗീത രംഗത്തു തന്നെ ഏ.ആര്‍ റഹ്മാന്‍ ശ്രദ്ധേയനായി.

സ്ലംഡോഗ് മില്ല്യണയര്‍ എന്ന ചലച്ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് 2009ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം എ.ആര്‍. റഹ്മാന് ലഭിച്ചു. ഈ ചിത്രത്തിന് തന്നെ 2009-ലെ ഓസ്‌കാര്‍ പുരസ്‌കാരവും റഹ്മാനെത്തേടിയെത്തി. ഓസ്‌കാര്‍ അവാര്‍ഡ് നിര്‍ണയ സമിതിയിലേക്കും റഹ്മാന്‍ തിരഞ്ഞെടുക്കപ്പെട്ടു. സംഗീത രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് ഇന്ത്യയിലെ മൂന്നാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ പുരസ്‌കാരവും റഹ്മാന് ഭാരത സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.