ജഡേജ പുറത്തായപ്പോള്‍ പൊട്ടിക്കരഞ്ഞ് കുഞ്ഞാരാധകന്‍; ആശ്വസ വാക്കുകളുമായി ഹര്‍ഭജന്‍

അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യ സമനിലയില്‍ എത്തിയതോടെ പൊട്ടിക്കരയുന്ന കുഞ്ഞാരാധകന്റെ ചിത്രങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ മത്സരത്തിനിടെയായിരുന്നു വികാര നിര്‍ഭരമായ സംഭവം അരങ്ങേറിയത്. ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. അവസാനം വരെ ഇന്ത്യ വിജയം പ്രതീക്ഷിച്ചിരുന്നു. അമ്പത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സാണ് അഫ്ഗാന്‍ അടിച്ചെടുത്തത്. ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഫലം കണ്ടില്ല. 49.5 ഓവറില്‍ 252 റണ്‍സിന് ഇന്ത്യ പുറത്തായി.

അവസാനം ബാറ്റിങ്ങിനിറങ്ങിയ ജഡേജയും പുറത്തായതോടെ ഗാലറിയിലിരുന്ന ഇന്ത്യയുടെ കുഞ്ഞാരാധകന്‍ കരയാന്‍ തുടങ്ങി. കൂടെ ഇരുന്നവര്‍ കുഞ്ഞാരാധകന്റെ ചിത്രം പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. നിരവധി പേരാണ് ചിത്രം ഏറ്റെടുത്തത്. ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗും ചിത്രം പങ്കുവെച്ചു. ‘ നീ കരയേണ്ട, ഫൈനലില്‍ എന്തായാലും നമ്മല്‍ ജയിക്കും’ എന്ന ആശ്വാസവാക്കുകളോടെയാണ് ഹര്‍ഭജന്‍ ചിത്രം പങ്കുവെച്ചത്. കരയുന്ന കുട്ടിത്താരത്തെ പിതാവ് ആശ്വസിപ്പിക്കുന്നതും ചിത്രങ്ങളില്‍ കാണാം

കളിയുടെ അവസാനം വരെ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു ഇന്ത്യ. പുതിയ ഓപ്പണര്‍മാരുമായാണ് അഫ്ഗാനെതിരെ ഇന്ത്യ പോരാട്ടത്തിനിറങ്ങിയത്. ലോകേഷ് രാഹുലും അമ്പാട്ടി രായിഡുവുമായിരുന്നു ഓപ്പണര്‍മാര്‍. ആദ്യവിക്കറ്റ് നഷ്ടമാകുന്നതുവരെ 110 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. 57 റണ്‍സെടുത്ത റായിഡുവിനെ ആദ്യം ഇന്ത്യയ്ക്ക് നഷ്ടമായി. തൊട്ടുപിന്നാലെ 60 റണ്‍സ് അടിച്ചെടുത്ത രാഹുലും പുറത്തേക്ക്. തുടര്‍ന്ന് അഫ്ഗാന്‍ നന്നായിതന്നെ കളിച്ചു. ഇന്ത്യയ്ക്ക് തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ടു തുടങ്ങി.

രവീന്ദ്ര ജഡേജയായിരുന്നു അവസാനം ബാറ്റിങിനിറങ്ങിയത്. അവസാന ഓവറില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ ആ പ്രതീക്ഷയും ഫലം കണ്ടില്ലയ. അവസാന ഓവറിന്റെ അഞ്ചാം പന്തില്‍ ജഡേജ പുറത്തായി. റാഷിദ് ഖാനായിരുന്നു ജഡേജയെ പുറത്താക്കിയത്. ഒരു റണ്ണുമായി ഇന്ത്യയുടെ ഖലീല്‍ അഹമ്മദ് പുറത്താകാതെ നിന്നു.