‘ദാരിദ്ര്യത്തിലും സമ്പന്നൻ’; കാണാതെ പോകരുത് കേരളത്തിന്റെ കണ്ണ് നിറച്ച ഈ നന്മ മനുഷ്യനെ…

September 4, 2018

ലോകം മുഴുവനുമുള്ള ആളുകൾ കണ്ടുപഠിക്കണം സ്നേഹത്തിന്റെയും സഹനത്തിന്റെയും മാതൃകയായ ഈ  പിതാവിനെ.. കേരളം നേരിട്ട മഹാ പ്രളയത്തിൽ നിന്നും കേരളക്കരയെ കൈപിടിച്ചുയർത്താൻ നിരവധി ആളുകളാണ് ദിവസേന എത്തുന്നത്.  സഹജീവി സ്നേഹത്തിൽ തങ്ങളുടെ ഇല്ലായ്മയിൽ നിന്നു പോലും ഒരു പിടി കേരളത്തിലെ ദുരിതമനുഭവിക്കുന്നവർക്ക് നൽകുന്ന ഒരുപാട് സുമനസ്സുകൾ ഇതിനോടകം തന്നെ വാർത്തകളിൽ  ഇടം നേടിയിരുന്നു…

ഉറ്റവരും ഉടയവരുമെല്ലാം ഉപേക്ഷിച്ച് തെരുവുകളിലും കടത്തിണ്ണകളിലും ജീവിതം കഴിച്ചുകൂട്ടുന്ന മോഹനൻ എന്ന പിതാവിന്റെ നന്മയുടെ കഥ എല്ലാ മലയാളികളുടെയും കണ്ണുനിറയ്ക്കും..  വർഷങ്ങളായി തെരുവിൽ ഭിക്ഷയാചിച്ചും ഉണ്ടും ഉറങ്ങിയും ജീവിതം തള്ളിനീക്കികൊണ്ടിരിക്കുയാണ് മോഹനൻ. പൂഞ്ഞാർ കല്ലേക്കുളം സ്വദേശിയായ മോഹനൻ ഒരു കാലത്ത് എല്ലാ പ്രൗഢിയോടും കൂടി ജീവിച്ച ഒരു ആനക്കാരൻ ആയിരുന്നു.. ഒരിക്കൽ വട്ട കൊണ്ട് ആന കാലിൽ അടിച്ചതോടെ പണിയെടുക്കാൻ സാധിക്കാതെ തെരുവുകളിൽ ജീവിതം കഴിച്ചുകൂട്ടേണ്ടിവന്നു.. കേരളം നേരിട്ട മഹാപ്രളയത്തിൽ വീടും കുടുംബവും നഷ്ടപ്പെട്ട നിരവധി ആളുകളുടെ ജീവിതകഥ ഈ പിതാവിനെ വളരെയധികം വേദനിപ്പിച്ചിരുന്നു..

കേരളത്തെ ആകെ ഉലച്ച പ്രളയത്തിൽ വീടും കുടുംബവും നഷ്ടമായവർക്ക് സഹായം നല്കുന്നതിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ സമ്പാദ്യം നൽകിയിരിക്കുകയാണ് മോഹനൻ. പൂഞ്ഞാറിൽ നിന്നും നാലു കിലോമീറ്റർ ദൂരം സഞ്ചരിച്ച് ഈരാറ്റുപേട്ട മുൻ മുൻസിപ്പൽ ചെയർമാൻ ടി എം റഷീദിന്റെ വീട്ടിലെത്തിയാണ് ഈ പിതാവ് തന്റെ കയ്യിലുണ്ടായിരുന്ന ചില്ലറകൾ റഷീദിന് നൽകിയത്.

കയ്യിൽ ഒരു പാണ്ഡക്കെട്ടുമായി വീട്ടുമുറ്റത്തെത്തിയ മോഹനന് ഇരുപതു രൂപ  റഷീദ് നൽകി. എന്നാൽ  തന്റെ മുന്നിൽ നീട്ടിയ തുക വാങ്ങാതെ കയ്യിലുണ്ടായിരുന്ന ചില്ലറകൾ എടുത്ത് റഷീദിന് നേരെ നീട്ടി ആ പിതാവ് പറഞ്ഞു. “ഇത് മുഖ്യമന്ത്രി സാറിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകണം, എനിക്കറിയില്ല ഈ തുക എങ്ങനെയാണ് നൽകേണ്ടതെന്ന്, സാർ ചെയ്താൽ മതി” ഇത്രയും പറഞ്ഞ ആ പിതാവ് പടികളിറങ്ങി നടന്നു..കുറച്ച് നിമിഷത്തേക്ക് എന്തുചെയ്യണമെന്നറിയാതെ നിന്നുപോയ റഷീദ് പിന്നീട് ആ നിധി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്കുകയായിരിന്നു..