‘എത്ര കണ്ടിട്ടും മതിവരാത്ത കേരളം’; 26-ആം തവണ വന്നുപോകുമ്പോഴും കാണാൻ ബാക്കിവെച്ച സ്ഥലങ്ങളാണ് മനസ്സിൽ …

പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിലും ആതിഥേയത്വത്തിന്റെ കാര്യത്തിലും കേരളം പുലർത്തുന്ന മികവ് മറ്റൊരു രാജ്യത്ത് ചെന്നാലും ലഭ്യമാകില്ല. കാസർഗോഡു മുതൽ തിരുവന്തപുരം വരെയുള്ള യാത്രകളിൽ നിറഞ്ഞു നിൽക്കുന്ന കേരളത്തിന്റെ മനോഹാരിത ലോകത്തെങ്ങുമുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതാണ്. എത്ര കണ്ടാലും മതിവരാത്ത കേരളത്തിന്റെ ഭംഗിയെക്കുറിച്ചും മലയാളികളുടെ സ്നേഹത്തെക്കുറിച്ചും വാതോരാതെ പറയുകയാണ് ഇംഗ്ലണ്ടിൽ നിന്നും കേരളത്തിലെത്തിയ ഡാഫ്‌നി റിച്ചാര്‍ഡ്‌സ് എന്ന വിദേശ വനിത.

എത്ര കണ്ടാലും മതിവരാത്ത കേരളത്തിൽ ഇത് 26-ആം തവണയാണ് ഡാഫ്‌നി എത്തുന്നത്. എത്ര തവണ വന്നുപോയാലും കേരളത്തിന്റെ ഭംഗി തനിക്ക് ആസ്വദിച്ച് മതിവരാറില്ലെന്നും കേരളം നേരിട്ട മഹാപ്രളയത്തെ ഒറ്റകെട്ടായി അതിജീവിച്ച കേരളജനതയെ ഓർത്ത് അഭിമാനം തോന്നുന്ന നിമിഷങ്ങളാണ് ഇതെന്നും ഡാഫ്‌നി പറഞ്ഞു.

എല്ലാ തവണ വന്നു പോകുമ്പോഴും സംസ്ഥാനത്തെ കുറിച്ച് നല്ല ഓര്‍മകള്‍ മാത്രമാണ് ഡാഫ്‌നിയ്ക്ക് പറയാനുള്ളത്. 86 ആം വയസിലും കേരളം ചുറ്റാനെത്തുന്ന ഈ വനിതയുടെ തനിയെ ഉള്ള ഓരോ വരവിലും കേരളത്തോടുള്ള സ്നേഹമാണ് നിറഞ്ഞു നിൽക്കുന്നത്. തനിയെ ഉള്ള യാത്രകളെക്കുറിച്ച് ചോദിക്കുമ്പോൾ പുഞ്ചിരിയോടെ ഡാഫ്‌നി മറുപടി പറയും. ‘ഞാന്‍ തനിച്ചു സഞ്ചരിക്കുന്നതില്‍ എന്റെ  മക്കള്‍ക്കോ എനിക്കോ തീരെ ഭയമില്ല.. ’ 2002 മുതല്‍ കേരളത്തിൽ വിനോദ സഞ്ചാരി ആയി എത്തുന്ന ഇവർ  വര്‍ഷത്തില്‍ രണ്ടു തവണയാണ് ഇവിടെ എത്തുന്നത്. ഡല്‍ഹി, ആഗ്ര, വാരാണസി, ഉദയ്പുര്‍, ജയ്പുര്‍, ചെന്നൈ, മുംബൈ, ബംഗളൂരു തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും പോയിട്ടുള്ള ഇവരുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം കേരളം തന്നെയാണ്.

മാരാരി ബീച്ച് റിസോര്‍ട്ടിലെ  ആളുകൾക്കും  സുപരിചിതയാണ് ഇംഗ്ലണ്ട് കാരിയായ ഈ വനിത. ‘സ്വന്തം വീട്ടിലേക്കെന്ന പോലെയാണ് ഇങ്ങോട്ടുള്ള വരവ്. കേരളത്തിലെ കാലാവസ്ഥ ഇംഗ്ലണ്ടില്‍ നിന്നു വ്യത്യസ്തമാണ്. അതെന്നെ ചെറുപ്പമാക്കുന്നു’ അവര്‍ ചെറുപുഞ്ചിരിയോടെ പറയുന്നു. ‘ഇവിടുത്തെ ഭക്ഷണവും വലിയ ഇഷ്ടമാണ്.’ 86 കാരിയായ ഡാഫ്‌നി ഇംഗ്ലണ്ടില്‍ പോലീസ് സിഐഡി വിഭാഗം ഓഫിസില്‍ ഉദ്യോഗസ്ഥയായിരുന്നു. ഇംഗ്ലണ്ടിലെ  ഹാംഷറാ സ്വദേഷിയായ ഡാഫ്‌നിക്ക് മൂന്ന് മക്കളും ഏഴ് കൊച്ചുമക്കളുമാണുള്ളത്. ഇവരുടെ ഭർത്താവ് വർഷങ്ങൾക്ക് മുമ്പേ മരിച്ചതാണ്.