ക്ലാസ് കട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പണി കൊടുക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍

September 11, 2018

ക്ലാസ് കട്ട് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുട്ടന്‍പണി വരുന്നു. വിദ്യാര്‍ത്ഥികളുടെ ഓരോ നീക്കവും ഇനി രക്ഷിതാക്കള്‍ അറിയും. ഇതിനായി ജില്ലാ പഞ്ചായത്ത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ നടപ്പാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ‘എഡ്യൂമിയ’.
ഈ മാസം അവസാനത്തോടെ കോഴിക്കോട്‌ ജില്ലയിലെ എല്ലാ ഹയര്‍സെക്കന്ററി സ്‌കൂളുകളിലെയും ഹൈസ്‌കൂളുകളിലെയും രക്ഷിതാക്കളെ എഡ്യൂമിയ ആപ്ലിക്കേഷന്‍ വഴി ബന്ധിപ്പിക്കും. വിദ്യാര്‍ത്ഥികളുടെ അറ്റന്റന്‍സ് വിവരങ്ങള്‍ മാത്രമല്ല ആപ്ലിക്കേഷനില്‍ ലഭ്യമാകുന്നത്. മോഡല്‍ ചോദ്യപേപ്പറുകള്‍, പാഠഭാഗങ്ങള്‍, വെര്‍ച്വല്‍ ക്ലാസുകള്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഈ ആപ്ലിക്കേഷനില്‍ ലഭ്യമാകും.

ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന സമഗ്രവിദ്യാഭ്യാസ പരിരക്ഷാ പദ്ധതിയുടെ ഭാഗമായാണ്(എഡ്യുകെയര്‍) പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ 44 സര്‍ക്കാര്‍ സ്‌കൂളുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ആപ്ലിക്കേഷന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കും.