ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സ്റ്റാര്‍ സ്‌പോര്‍ട്‌സ്

കാല്‍പന്തുകളിയെ സ്‌നേഹിക്കാത്തവര്‍ കുറവാണ്. ഇന്ത്യയിലെ കാല്‍പന്ത് പ്രേമികള്‍ക്കായി ഒരു സന്തോഷവാര്‍ത്ത പുറത്തുവിട്ടിരിക്കുയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ്. ഇന്ത്യയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യാന്‍ പ്രത്യേക ചാനല്‍ ആരംഭിച്ചിരിക്കുകയാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ്. ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരുടെ ഏറെ നാളത്തെ ആഗ്രഹമാണ് ഇതോടെ സഫലമാകുന്നത്.

‘സ്റ്റാര്‍ സ്‌പോര്‍ട്‌സ് ത്രീ’ എന്നാണ് പുതിയ ചാനലിന് പേരു നല്‍കിയിരിക്കുന്നത്. ഇന്ത്യയുമായി ബന്ധപ്പെട്ട ഫുട്‌ബോള്‍ മത്സരങ്ങള്‍ മാത്രമായിരിക്കും ഇനി മുതല്‍ ഈ ചാനലില്‍ സംപ്രേക്ഷണം ചെയ്യുക.

ഇന്ത്യന്‍ ഫുട്‌ബോളിന് സ്വന്തമായി ഒരു ചാനല്‍ വേണമെന്ന് ദീര്‍ഘനാളായി ആരാധകര്‍ ആഗ്രഹിച്ചിരുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പുതിയ പ്രഖ്യാപനത്തിലൂടെ ആവേശത്തിലായിരിക്കുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍. ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കായി പുതിയ ചാനല്‍ ആരംഭിക്കുന്ന വിവരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഔദ്യോഗികമായി അറിയിച്ചത്.

ഐഎസ്എല്ലിന്റെ ഏറ്റവും പുതിയ എഡിഷനാകും സ്റ്റാര്‍ സ്‌പോര്‍ട്‌സ് ത്രീയില്‍ ആദ്യം സംപ്രേക്ഷണം ചെയ്യുന്ന പ്രധാന ടൂര്‍ണമെന്റ്. ഇന്നു മുതല്‍ ആരാധകര്‍ക്ക് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ത്രീ ലഭ്യമാകും.