ഇനി പറക്കും യൂബർ; സഞ്ചരിക്കുന്നത് മണിക്കൂറിൽ 300 കിലോമീറ്റർ

October 17, 2018

ഇനി പറക്കും ടാക്സി… യാത്രക്കാർക്ക് സുഖയാത്ര ഒരുക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഓൺലൈൻ ടാക്സി കമ്പനിയായ യൂബറിന്റെ പറക്കും ടാക്സി ഉടൻ യാഥാർഥ്യമാവുന്നു. ഏറ്റവും കൂടുതൽ ഗതാഗത കുരുക്കുള്ള നഗരമായ മുംബൈയിലാണ് ഇതിന് അനുമതി നൽകിയത്. സർക്കാർ പദ്‌ധതിക്ക് അംഗീകാരം നൽകിയതോടെ യാത്രക്കാർക്ക് യാത്ര കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് കരുതപ്പെടുന്നത്.

അത്യാധുനിക എയര്‍ ടാക്‌സി സേവനം ഇന്ത്യയില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് യൂബറിന്റെ അധികൃതര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.

ബാറ്ററി ഉപയോഗിച്ചാണ് പറക്കും ടാക്സി പ്രവർത്തിപ്പിക്കുന്നത്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗ പരിധിയാണ് പറക്കും യൂബറിനുള്ളത്. ഒറ്റത്തവണ ചാര്ജു ചെയ്താൽ ഏകദേശം 100 കിലോമീറ്ററോളം യാത്ര ചെയ്യാൻ സാധിക്കും. ആദ്യ ഘട്ടത്തിൽ പൈലറ്റിന്റെ സഹായത്തോടെയാവും ഇത് പ്രവർത്തിപ്പിക്കുക . പിന്നീട് സ്വയം പറക്കാൻ കഴിയുന്ന രീതിയിൽ ഇവ മാറ്റുമെന്നും യൂബർ അധികൃതർ പറഞ്ഞു.

കുത്തനെ പറന്നുയരുകയും അതുപോലെ പറന്നിറങ്ങുകയും ചെയ്യുന്ന ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് വെഹിക്ക്ള്‍ കണ്‍സപ്റ്റ്  എന്ന ആശയത്തെ ഹെലികോപ്റ്ററിന്റെയും ഡ്രോണിന്റെയും സമന്വയമെന്നാണ് യൂബര്‍ വിശേഷിപ്പിക്കുന്നത്.