‘അസാമാന്യ ഉർജ്ജമുള്ള കലാകാരൻ’ ബാലഭാസ്കറിനെക്കുറിച്ച് വൈറലായി ഒരു കുറിപ്പ്…

October 4, 2018

“ആ വിരലുകളും മറുകൈയ്യിലെ ബോയും ഏതു മിസൈലുകളെക്കാളും ഹൃദയത്തിലേക്ക് തൊടുക്കാവുന്ന പ്രഹര ശേഷിയുള്ള മഞ്ഞു തുള്ളികളായിരുന്നു”..

സംഗീതത്തിന്റെ ലോകത്ത് വിസ്മയം സൃഷ്ടിച്ച കലാകാരനാണ് ബാലഭാസകർ, കഴിഞ്ഞ  ദിവസം  കാലയവനികയ്‌ക്കുള്ളിൽ മൺമറഞ്ഞുപോയ ആ അതുല്യ പ്രതിഭയെക്കുറിച്ചുള്ള ഓർമ്മകളുമായി നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഒരിക്കലും നിലയ്ക്കാത്ത സംഗീതത്തിന്റെ ലോകത്ത് നിന്നും പെട്ടന്ന് നിശബ്ദമായ ആ പ്രതിഭയുടെ വയലിൻ നാദം ഇനിയും കേൾക്കാൻ സാധിക്കാത്തതിലുള്ള വിഷമത്തിലാണ് കലാലോകം..

ചെറുപ്രായത്തിൽ തന്നെ വയലിനിൽ വിസ്മയം തീർത്ത കലാകാരനെക്കുറിച്ചുള്ള തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് മനോജ് കുമാർ.

മനോജിന്റെ വൈറലായ കുറിപ്പ് വായിക്കാം..

അസാമാന്യ ഉർജ്ജമായിരുന്നു ബാലഭാസ്കറിന്. കാമ്പസിലെ സൗഹൃദകൂട്ടായ്മയും ജന്മസിദ്ധമായ സംഗീതവും വയലിനോടുള്ള പ്രണയവും പരീക്ഷണങ്ങൾക്കുള്ള അക്ഷിണ പ്രയത്നവും ഒരുമിച്ചു കരുത്തു പകർന്ന ജീവിതം . സംഗീതത്തിന്റെ പുതു വഴികൾ നന്നേ ചെറുപ്രായത്തിൽ വെട്ടി തുറന്നു .യുവാക്കളുടെ മാത്രമായ വേറിട്ട വഴി. അവർ ആരുടെയും വഴിത്താരയിലൂടെ നടന്നില്ല. സ്വയം തെളിച്ച വഴികളിലൂടെ യാത്രചെയ്തു. ആരുടെയും അവസരങ്ങൾക്കു തടസ്സമായില്ല. ആരോടും അവസരങ്ങൾ തേടി നടന്നതുമില്ല. അയാൾ അവസരങ്ങളെ സ്വയം സൃഷ്ഠിക്കുക ആയിരുന്നു.

സോളോയിൽ അറിയപ്പെടുന്ന കലാകാരനാണെങ്കിലും നാടകങ്ങൾക്കും, മൈമുകൾക്കും എന്തിനു നടിടിനൃത്തത്തിനും അണിയറയിൽ നിന്ന് വയലിൻ വായിക്കും, കൂട്ടുകാർക്കു വേണ്ടി. 1994 ൽ ഓണാഘോഷത്തിന് ബാലഭാസ്കർ വയലിൻ സോളോ വായിച്ചു. പുതു തലമുറയ്ക്ക് അവസരം ഒരുക്കാൻ ഒരു മണിക്കൂർ കച്ചേരി പ്രധാന കച്ചേരിയ്ക്കു മുന്നേ നടത്തുന്ന രീതി അന്ന് തുടങ്ങിയതാണ്. ഈ സംവിധാനം ഗുരു പരമ്പര എന്ന പേരിൽ പല ഇവന്റ് മാനേജ്‍മെന്റ് ഗ്രൂപ്പുകളും നടപ്പിലാക്കി. ആരും റെക്കമെന്റ് ചെയ്തില്ല. പി ആർ ഡി യിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന വിജയരാഘവൻ സാറാണ് ഈ ചൈൽഡ് പ്രോഡിജിയെകുറിച്ചു ആദ്യം പറഞ്ഞത്. വാടകരക്കാരനായ അദ്ദേഹം എൻ മോഹനസാറിന്റെ ഒപ്പം അസിസ്റ്റന്റ് കൾച്ചറൽ ഓഫീസർ ആയിരുന്നു. അദ്ദേഹത്തിന്റെ ഉറപ്പിലാണ് അന്ന് ആ കച്ചേരി അരങ്ങേറിയത്.

പിറ്റേദിവസം ടി എൻ കൃഷ്ണനാണ് കച്ചേരി അവതരിപ്പിക്കേണ്ടത്. മദ്രാസ് ഫ്‌ളൈറ്റിൽ വന്ന അദ്ദേഹത്തെ ഞാൻ സവീകരിച്ചു. നഗരത്തിലേക്കുള്ള യാത്രക്കിടയിൽ അദ്ദേഹം തലേന്ന് കച്ചേരി നടത്തിയ ചെക്കൻ അസാമാന്യ ടാലന്റഡ് ആണെന്ന് കേട്ടു ആരാണ് ആ പയ്യൻ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഒരു പോസ്റ്റ് മാസ്റ്ററുടെ മകനാണ്. അദ്ദേഹം പറഞ്ഞു ശശികുമാറിന്റെ ശിഷ്യനായിരിക്കും. അത് ശരിയാരുന്നു. അദ്ദേഹത്തിന്റെ മരുമകനാണ്. ശിഷ്യനാണ് . അടുത്ത ജനുവരിയിൽ സ്വാതി സംഗീതോത്സവത്തിനു പണ്ഡിറ്റ് കിഷൻ മഹാരാജൂം  ഉമയാൾപുരം ശിവരാമനും പങ്കെടുക്കുന്ന ജുഗൽബന്ദി അരങ്ങേറുന്നു. ഉമയാൾപുരം പറഞ്ഞു, തനിയാവർത്തനത്തിനു മുന്നേ ആരെങ്കിലും ഒരു രാഗം വായിക്കണം.

എനിക്ക് രണ്ടിലൊന്ന് ആലോചിക്കേണ്ടി വന്നില്ല. എന്റെ മുന്നിൽ ടി എൻ കൃഷ്ണൻ പറഞ്ഞ വാക്കുകൾ മാത്രം. നേരെ ഡി പി ഐ ജങ്ഷനിലെ ശശികുമാർ സാറിന്റെ വീട്ടിലെത്തി. വിവരം പറഞ്ഞു. എല്ലാം ക്ഷമയോടെ കേട്ടിട്ട് അദ്ദേഹം പറഞ്ഞു. അവിടെ വായിക്കാനുള്ള ജ്ഞാനം അവനായിട്ടില്ല. നിങ്ങൾ അവനെ ചിത്തയാക്കരുത്. അതിൽ എല്ലാമുണ്ടായിരുന്നിരുന്നു. പിന്നീട് അടുത്തും അകലെനിന്നും ആ വളർച്ച കണ്ടു. ലോകത്തിന്റെ നിറുകയിൽ കയറാൻ അവനു ആരുടെയും പിന്തുണ വേണ്ടിയിരുന്നില്ല. അത് ആവുകയും ചെയ്തേനെ. ആ വിരലുകളും മറുകൈയ്യിലെ ബോയും ഏതു മിസൈലുകളെക്കാളും ഹൃദയത്തിലേക്ക് തൊടുക്കാവുന്ന പ്രഹര ശേഷിയുള്ള മഞ്ഞു തുള്ളികളായിരുന്നു. അവന്റെ വിട ചൊല്ലലിൽ ഞാൻ പങ്കെടുത്തില്ല. അതിനു അവൻ എവിടെയും പോയില്ലല്ലോ.