‘അടുത്ത വർഷം എനിക്ക് കാഴ്ച ലഭിക്കും’; ലോകം കാണാനൊരുങ്ങി വിജയ ലക്ഷ്മി

Singer Vaikom Vijayalakshmi wedding marriage news

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് വൈക്കം വിജയ ലക്ഷ്മി. വിജയ ലക്ഷ്മിയുടെവിവാഹ വാർത്തകൾ ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. അതിന് പിന്നാലെയാണ് തനിക്ക് ഉടൻ കാഴ്ച്ച ലഭിക്കുമെന്ന സന്തോഷ വാർത്തയുമായി വിജയ ലക്ഷ്മി എത്തുന്നത്. ചികിത്സയ്ക്കായി താൻ അടുത്ത വർഷം അമേരിക്കയിലേക്ക് പോകുന്നുണ്ടെന്നും. അത് വിജയകരമായി പൂർത്തിയായാൽ താൻ ലോകം കാണുമെന്നും വിജയ ലക്ഷ്മി വെളിപ്പെടുത്തി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജയ ലക്ഷ്മി ഈ സന്തോഷ വാർത്ത പങ്കുവെച്ചത്.

കഴിഞ്ഞ വർഷം താൻ ചികിത്സയ്ക്കായി അമേരിക്കയിൽ പോയിരുന്നെന്നും. നേത്ര പരിശോധന നടത്തിയിരുന്നതായും താരം പറഞ്ഞു. അവിടെ പുതിയ സാങ്കേതിക വിദ്യകൾ ഒക്കെ വരുന്നുണ്ടെന്നും അവിടുത്തെ ചികിത്സയുടെ ഭാഗമായി ഇപ്പോൾ തന്നെ കണ്ണിന് നല്ല വ്യത്യാസമുണ്ടെന്നും ചെറിയ വെളിച്ചമൊക്കെ ഇപ്പോൾ കാണാനാകുന്നുണ്ടെന്നും താരം വെളിപ്പെടുത്തി. വരാനിരിക്കുന്ന വിവാഹത്തെക്കുറിച്ചുള്ള വിശേഷങ്ങളും താരം അഭിമുഖത്തിൽ വെളിപ്പെടുത്തി.

ഒക്ടോബർ 22ന് വൈക്കം മഹാദേവ ക്ഷേത്രത്തിൽ വച്ചായിരിക്കും വിജയ ലക്ഷ്മിയും അനൂപും വിവാഹിതരാകുന്നത്. അനൂപ് ഒരു മിമിക്രി കലാകാരനാണ്. വിജയ ലക്ഷ്മിയുടെ പാട്ട് ഇഷ്ടപ്പെട്ടിരുന്ന അനൂപ് വിജയ ലക്ഷ്മിയെ തന്റെ ജീവിത സഖിയാക്കാൻ ക്ഷണിക്കുകയായിരുന്നു. വിജയ ലക്ഷ്മിയും സമ്മതം മൂളിയതോടെ ഇരുവരുടെയും വിവാഹ നിശ്ചയം വിജയ ലക്ഷ്മിയുടെ വസതിയിൽ വച്ച് നടത്തുകയായിരുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരയണന്‍ നായരുടെയും ലൈലാ കുമാരിയുടെയും മകൻ അനൂപാണ് ജയലക്ഷ്മിയുടെ കഴുത്തിൽ താലിചാർത്താൻ എത്തുന്നത്.

‘സെല്ലുലോയിഡ്’ എന്ന ചിത്രത്തിലെ ”കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്” എന്ന ഗാനത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ വിജയലക്ഷ്മി പിന്നീട് നിരവധി സിനിമകളിൽ ഗാനങ്ങൾ ആലപിച്ചു. സെല്ലുലോയിഡിലെ ഗാനത്തിന് സംസ്ഥാന സർക്കാരിന്റെ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം കരസ്ഥമാക്കിയ താരം ”ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ ..”എന്ന ഗാനത്തിന് സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും നേടി. പിന്നീട് നിരവധി വേദികളിൽ സംഗീതത്തിന്റെ മാധുര്യവുമായി എത്തിയ വിജയലക്ഷ്മി മലയാള സിനിമയിലെ ഒഴിച്ച് കൂടാനാവാത്ത ഗായകരിൽ ഒരാളായി മാറി.