രഞ്ജി ട്രോഫി; സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരളം

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി. ആന്ധ്രാപ്രദേശിനെ ഒമ്പത് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ബാറ്റിങിലും ബൗളിങിലും ഒരു പോലെ മികവു പുലര്‍ത്താന്‍ കേരളത്തിനു കഴിഞ്ഞു.

43 റണ്‍സായിരുന്നു കേരളത്തിന്റെ വിജയലക്ഷ്യം. ഒരു വിക്കറ്റ് നഷ്ടത്തില്‍ കേരളം വിജയം കണ്ടു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ജലജ് സക്‌സേന രണ്ടാം ഇന്നിങ്‌സില്‍ ആന്ധ്രയുടെ എട്ട് വിക്കറ്റുകളും വീഴ്ത്തി. രണ്ട് മത്സരങ്ങളില്‍ നിന്നുമായി ഏഴ് പോയിന്റുകളാണ് നിലവില്‍ കേരളത്തിന് ലഭിച്ചിരിക്കുന്നത്.

ആദ്യ ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ ആന്ധ്രാപ്രദേശിന് രണ്ടാം ഇന്നിങ്‌സില്‍ 115 റണ്‍സ്മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞൊള്ളു. ആദ്യ ഇന്നിങ്‌സില്‍ ആന്ധ്രാപ്രദേശ് 254 റണ്‍സ് ആണ് അടിച്ചെടുത്തത്. ആദ്യ ഇന്നിങ്‌സിലെ മറുപടി ബാറ്റിങില്‍ 328 റണ്‍സ് എടുത്ത കേരളം ആന്ധ്രാപ്രദേശിനെതിരെ 74 റണ്‍സിന്റെ ലീഡ് നേടിയിരുന്നു.

ഗ്രൂപ്പ് ബിയില്‍ ഇരു ടീമുകളുടെയും രണ്ടാം മത്സരമായിരുന്നു ഇത്. ആദ്യ മത്സരത്തില്‍ ഹൈദരബാദ് ആയിരുന്നു കേരളത്തിന്റെ എതിരാളികള്‍. മഴകാരണം കേരളത്തിന്റെ ആദ്യ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.