രഞ്ജി ട്രോഫി; ആന്ധ്രയ്ക്ക് ബാറ്റിംഗ് തകര്‍ച്ച

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആന്ധ്രയ്ക്ക് ബാറ്റിംഗ് തകര്‍ച്ച.ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ എട്ടിന് 225 റണ്‍സ് എന്ന നിലയിലാണ് ആന്ധ്ര. ബാറ്റിങ് തെരഞ്ഞെടുത്തത് മുതല്‍‌ ആന്ധ്രാപ്രദേശിന് തകർച്ചയായിരുന്നു. 116 റണ്‍സെടുക്കുന്നതിനിടയ്ക്ക് അഞ്ച് വിക്കറ്റുകളാണ് വീണത്. എന്നാല്‍ സെഞ്ച്വറി നേടിയ റിക്കി ഭൂയി, ആന്ധ്രയെ 200 കടത്തുകയായിരുന്നു. 45 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ശിവചരണ്‍ സിങ്,ഭുയിക്ക് പിന്തുണ കൊടുത്തു.

എന്നാല്‍ ഇരുവരെയും പുറത്താക്കി കേരളം തിരിച്ചെത്തി. പക്ഷെ 47 പന്തില്‍ എട്ട് റണ്‍സുമായി ഷുഹൈദ് മുഹമ്മദ് ഖാന്‍ കേരളത്തെ വലച്ചു. ഇതോടെ ആന്ധ്രയുടെ ബാറ്റിങ് രണ്ടാം ദിവസത്തിലേക്ക് നീണ്ടു. കേരളത്തിനായി കെ.സി അക്ഷയ് നാലും ബേസില്‍ തമ്പി രണ്ടും വിക്കറ്റ് നേടി. ജലജ് സക്സേന, വാരിയര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.