‘2018’ ഓർമ്മയാകുമ്പോൾ… ഓർത്തെടുക്കാം നഷ്ടമായ കലാപ്രതിഭകളെ…

December 31, 2018

ഉമ്പായി- ഗസലിന്റെ രാജകുമാരൻ

”ഗസൽ സംഗീതത്തിൽ വിസ്മയം തീർത്ത പ്രശസ്ത ഗായകൻ”

ഗസലുകളിലൂടെ മലയാളിയുടെ ഹൃദയത്തിൽ ഇടംപിടിച്ച പ്രമുഖ ഗായകൻ ഉമ്പായി ഓർമ്മയായത് ഈ വർഷമായിരുന്നു. ആഗസ്റ്റ് 1 ആം തിയതി ഉമ്പായിയുടെ മരണവാർത്ത ഏറെ ഞെട്ടലോടെയാണ് കേരളക്കര കേട്ടത്. നാലു പതിറ്റാണ്ടായി സ്വന്തം സൃഷ്ടികളിലൂടെയും പഴയ ചലച്ചിത്ര ഗാനങ്ങളുടെ ഗസൽ ആവിഷ്കാരത്തിലൂടെയും വലിയ ആസ്വാദകവൃന്ദത്തെ നേടിയെടുത്ത ഗായകനാണ് ഉമ്പായി. പാടുക സൈഗാൾ പാടൂ, അകലെ മൗനം പോൽ, ഒരിക്കൽ നീ പറഞ്ഞു തുടങ്ങിയവ അദ്ദേഹത്തിന്റെ ഗസലുകളാണ്.

ക്യാപ്റ്റൻ രാജു- മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത കലാകാരൻ

“കരുത്തിന്റെയും പുരുഷസൗന്ദര്യത്തിന്റെയും പൂര്‍ണ്ണതയുമായി മലയാള  സിനിമയിൽ എത്തിയ കലാകാരൻ…” 

മലയാള സിനിമയുടെ മറക്കാനാവാത്ത അതുല്യ പ്രതിഭ നടൻ ക്യാപ്റ്റൻ രാജുവിനെ മലയാള സിനിമയ്ക്ക് നഷ്‌ടമായതും ഈ വർഷം സെപ്തംബർ 17 ആം തിയതിയായിരുന്നു. വില്ലനായും സഹനടനായും മലയാള സിനിമയില്‍ തിളങ്ങിയ ക്യാപ്റ്റന്‍ രാജു 500 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിന് പുറമെ  ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം സാന്നിധ്യം ഉറപ്പിച്ചു.

1981ൽ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം. രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മാസ്റ്റര്‍ പീസ് ആയിരുന്നു അവസാന ചിത്രം . അഞ്ഞൂറിലേറ ചിത്രങ്ങളില്‍ അഭിനയിച്ച ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്ത ചിത്രങ്ങളാണ് ഇതാ ഒരു സ്നേഹഗാഥ, മിസ്റ്റർ പവനായി എന്നീ ചിത്രങ്ങള്‍.

മലയാള സിനിമയ്ക്ക് ഒരുപിടി നല്ല സിനിമകളെയും കഥാപാത്രങ്ങളെയും സമ്മാനിച്ച ഈ പ്രതിഭയയുടെ വിയോഗം സിനിമാലോകത്തിന് പകരം വയ്ക്കാനില്ലാത്ത ഒന്നാണ്.


ബാലഭാസ്കർ- വയലിനിൽ വിസ്മയം സൃഷ്‌ടിച്ച കലാകാരൻ 

”ആ വിരലുകളും മറുകൈയ്യിലെ ബോയും ഏതു മിസൈലുകളെക്കാളും ഹൃദയത്തിലേക്ക് തൊടുക്കാവുന്ന പ്രഹര ശേഷിയുള്ള മഞ്ഞു തുള്ളികളായിരുന്നു”

വയലിനിൽ വിസ്മയം സൃഷ്ടിക്കുന്ന ബാലഭാസകർ എന്ന അതുല്യ പ്രതിഭയെക്കുറിച്ച് പറയാൻ വാക്കുകൾ ഏറെയാണ്…

സംഗീതത്തിന്റെ അത്ഭുതലോകത്ത്, വയലിൻ തന്ത്രികളിൽ വിസ്മയം സൃഷ്ടിച്ച ബാലഭാസ്കർ എന്ന അതുല്യ പ്രതിഭയുടെ വിയോഗം മലയാളികളുടെ ഹൃദയം നുറുക്കിയതായിരുന്നു..തൃശൂരില്‍ നിന്നും ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജങ്ഷന് സമീപം വച്ചുണ്ടായ അപകടം ഓർമ്മയാക്കിയത് സംഗീത ലോകത്തിന് ഒരുപിടി മികച്ച സംഭാവനകൾ നൽകിയ ബാലഭാസ്കർ എന്ന കലാകാരനേയും അവന്റെ കുഞ്ഞോമന തേജസ്വിനയെയുമായിരുന്നു…  വാഹനാപകടത്തെത്തുടർന്ന് ചികിത്സയിൽ ഇരിക്കവെ ഒക്ടോബർ 2 നാണ് ബാലഭാസ്കർഓർമ്മയായത്.

മൃണാൾ സെൻ- വിഖ്യാത സംവിധായകൻ 

“കലയും രാഷ്ട്രീയവും ഇഴപിരിയാത്ത വിധം തുന്നിച്ചേർക്കപെട്ടവയായിരുന്നു മൃണാൾ സെൻ സിനിമകൾ…”

ഇന്ത്യന്‍ നവതരംഗ സിനിമയ്ക്ക് ഏറെ സംഭാവനകള്‍ ചെയ്ത വ്യക്തിയാണ് മൃണാള്‍ സെന്‍. ഇന്ത്യന്‍ സമാന്തര സിനിമയുടെ വക്താവെന്നാണ് മൃണാള്‍സെന്‍ അറിയപ്പെട്ടത്. സത്യജിത് റേ, ഋത്വിക് ഘട്ടക് എന്നിവരുടെ സമകാലികന്‍ കൂടിയായിരുന്നു മൃണാള്‍ സെന്‍.  ‘ഭുവന്‍ഷോം’ ആണ് അദ്ദേഹത്തെ അന്താരാഷ്ട്ര തലത്തിലേക്ക് തന്നെ ഉയര്‍ത്തിയ ചിത്രം. മൃഗയ, ഏക് ദിന്‍ പ്രതിദിന്‍ എന്നീ ചിത്രങ്ങള്‍ ലോക ശ്രദ്ധ നേടി.

ഇവർക്ക് പുറമെ മലയാള സിനിമയ്ക്ക് നിരവധി കലാകാരൻമാരെയും നഷ്‌ടമായിരുന്നു…നാടക-ചലച്ചിത്ര നടൻ കെ‌.എൽ ആന്റണി, നടൻ ഗീതാ സലാം, ദേവകിയമ്മ തുടങ്ങിയവരും മലയാള സിനിമാമേഖലയിലെ തീരാനഷ്‌ടങ്ങളാണ്..

ദേവകിയമ്മ

ഗീതാ സലാം

കെ‌.എൽ ആന്റണി