ട്രോളിൽ തിളങ്ങി പൃഥ്വിയുടെ പിറന്നാൾ ആശംസ; ഇരയായി ടൊവിനോ, പൊട്ടിച്ചിരിച്ച് ആരാധകർ…

ചിരിയിൽ ചിന്തയുടെ വിപ്ലവം സൃഷ്ടിക്കുന്ന ട്രോളന്മാരാണ് ഇപ്പോൾ കേരളക്കര നിറയെ.. ലോകത്ത് നടക്കുന്ന എല്ലാ വിഷയങ്ങൾക്കും പിറകെ കൃത്യമായി സഞ്ചരിക്കുന്നവരാണ് നമ്മുടെ ട്രോളൻ ചങ്ക്‌സ്. എല്ലാ വിഷയങ്ങളെയും വളരെ സീരിയസായി ഏറ്റെടുത്ത് ലാഘവത്തോടെ അവതരിപ്പിക്കുന്ന ഈ ട്രോളന്മാർ കുറച്ച് ദിവസമായി നമ്മുടെ പ്രിയപ്പെട്ട പൃഥ്വിക്കൊപ്പമാണ്.

സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് പൃഥ്വി, എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുള്ള പൃഥ്വിയെ പക്ഷെ ട്രോളുന്നത് താരത്തിന്റെ ഇംഗ്ലീഷ് ആയുധമാക്കിയെടുത്താണ്. കേരളത്തിൽ ശശി തരൂർ കഴിഞ്ഞാൽ ഏറ്റവും മനോഹരമായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നത് പൃഥ്വിരാജാണെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

എന്നാൽ ഇത്തവണ പൃഥ്വിയുടെ ഇരയാക്കി ട്രോളൻസ് ഏറ്റെടുത്തത്  പാവം ടൊവിനോയെയാണ്. ടോവിനോയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന പൃഥ്വിയുടെ പോസ്റ്റിന്റെ അർത്ഥം ചോദിക്കാൻ ടോവിനോ പൃഥ്വിയുടെ വീട്ടിൽ എത്തിയെന്നാണ് ഇരുവരുടെയും ചിത്രം പങ്കുവെച്ചുകൊണ്ട് ആരാധകൻ കമന്റിട്ടത്.. പൃഥ്വി ടോവിനോയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പോസ്റ്റ് ഇട്ടതിന് താഴെയാണ് രാജീവ് കെ ജി എന്ന വിദ്വാൻ ട്രോളിയത്. ഇതോടെ മറ്റ് നിരവധി ആരാധകരും ഈ ട്രോൾ ഏറ്റെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ലൂസിഫറിന്റെ ചിത്രീകരണം പൂർത്തിയായ വിശേഷവും ആരാധകർക്കായി പൃഥ്വി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ പൃഥ്വിയുടെ ആ പോസ്റ്റിന് വളരെ രസകരമായ ഒരു മലയാളം തർജ്ജിമ നൽകിയ ആരാധകന്റെ കമന്റും പൃഥ്വി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.