കഥാകാരി അഷിത ഇനി ഓര്‍മ്മത്താളുകളില്‍

March 27, 2019

പ്രശസ്ത്ര എഴുത്തുകാരി അഷിത അന്തരിച്ചു. 63 വയസായിരുന്നു പ്രായം. ഏറെ നാളായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു അഷിത. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

മനോഹരമാണ് അഷിതയുടെ കഥകള്‍. ആഖ്യാനശൈലിയില്‍ പുലര്‍ത്തിയ മികവ് അഷിതയുടെ കഥകളെ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാക്കി. ഒരുതരത്തില്‍, തുറന്നു പറച്ചിലിന്റെ നേര്‍ത്ത രശ്മികള്‍ അഷിതയുടെ കഥകളില്‍ പ്രതിഫലിക്കുന്നുണ്ട്. ഒരു പക്ഷേ അതാവാം അഷിതയെ വായനക്കാരന് പ്രിയപ്പെട്ടവളാക്കിയതും. മനോഹരങ്ങളായ നിരവധി ബാലസാഹിത്യ കൃതികളുടെ കര്‍ത്താവാണ് അഷിത. ഹൈക്കു കവിതകള്‍ മലയാളത്തില്‍ ഇത്രമേല്‍ ഇടംപിടിച്ചതിലും അഷിതയ്ക്കുള്ള പങ്ക് ചെറുതല്ല.

തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ 1956-ല്‍ കെ ബി നായരുടേയും തേക്കേ കറുപ്പത്ത് തങ്കമണിയമ്മയുടെയും മകളായി ജനനം. ഡല്‍ഹിയിലും മുംബൈയിലുമായിട്ടായിരുന്നു അഷിതയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടി.

മയില്‍പ്പീലി സ്പര്‍ശം, അപൂര്‍ണ വിരാമങ്ങള്‍, കല്ലുവെച്ച നുണകള്‍, മഴ മേഘങ്ങള്‍, അഷിതയുടെ കഥകള്‍, വിസ്മയചിഹ്നങ്ങള്‍, റൂമി പറഞ്ഞ കഥകള്‍, അഷിതയുടെ ഹൈക്കു കവിതകള്‍, നിലാവിന്റെ നാട്ടില്‍, ഒരു സ്ത്രീയും പറയാത്തത്, ഒരു സ്ത്രീയോടു ചെയ്യുന്നത് തുടങ്ങിയവയാണ് അഷിതയുടെ പ്രധാന സാഹിത്യ കൃതികള്‍. അലക്‌സാണ്ടര്‍ പുഷ്‌കിന്റെ കവിതകള്‍ മലയാളത്തിലേക്ക് അഷിത വിവര്‍ത്തനവും ചെയ്തിട്ടുണ്ട്.

Read more:ജയലളിതയാകാന്‍ കങ്കണ; ‘തലൈവി’ വെള്ളിത്തിരയിലേക്ക്

നിരവധി പുരസ്‌കാരങ്ങളും ഈ കഥാകാരിയെ തേടിയെത്തിയിട്ടുണ്ട്. 2015 ലെ സംസ്ഥന സാഹിത്യ അക്കാദമി പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, പത്മരാജന്‍ അവാര്‍ഡ് ഇങ്ങനെ നീളുന്നു പുരസ്‌കാര പട്ടിക.

കെവി  രാമന്‍കുട്ടിയാണ് ഭര്‍ത്താവ്. മകള്‍ ഉമ. കാലായവനികയ്ക്ക് പിന്നില്‍ മറഞ്ഞെങ്കിലും കുറിച്ചിട്ട വാക്കുകളിലൂടെയും വരികളിലൂടെയും അഷിത ഇനിയും ഒളി മങ്ങാതെ നില്‍ക്കും. വായനക്കാരന്‍റെ പ്രിയപ്പെട്ട എഴുത്തുകാരിയായി….