ക്രിക്കറ്റ് ലോകത്തെ ഇതിഹാസതാരം; സച്ചിന്‍ തെണ്ടൂല്‍ക്കറിന് ഇന്ന് പിറന്നാള്‍: ഓര്‍ത്തെടുക്കാം 20 നേട്ടങ്ങള്‍

April 24, 2019

ക്രിക്കറ്റ് ലോകത്തെ  ഇതിഹാസതാരമാണ് സച്ചിന്‍ തെണ്ടൂല്‍ക്കര്‍. ബാറ്റിങില്‍ താരം വിസ്മയം തീര്‍ക്കുമ്പോള്‍ ഗാലറികള്‍ എക്കാലത്തും ആര്‍പ്പുവിളികള്‍ക്കൊണ്ട് നിറഞ്ഞിരുന്നു. ലോകംകണ്ട മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ സച്ചിന്‍ തെണ്ടൂല്‍ക്കറിന് ഇന്ന് പിറന്നാള്‍. കലാ രാഷ്ട്രീയ സാംസ്‌കാരിക കായിക ലോകമൊന്നാകെ താരത്തിന് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തിയിരുന്നു.

മുംബൈയിലെ ഒരു സാരസ്വത് ബ്രാഹ്മിന്‍ കുടുംബത്തില്‍ 1973 നായിരുന്നു സച്ചിന്റെ ജനനം. അച്ഛനായ രമേഷ് തെണ്ടൂല്‍ക്കര്‍ മറാത്തി സാഹിത്യകാരന്‍കൂടിയായിരുന്നു. തനിക്ക് പ്രിയപ്പെട്ട സംഗീത സംവിധായകനായ സച്ചിന്‍ ദേവ് ബര്‍മ്മന്റെ പേരിലെ സച്ചിന്‍ എന്ന പേര് അദ്ദേഹം തന്റെ മകന് നല്‍കി. പ്രാഥമിക വിദ്യാഭ്യാസ കാലത്ത് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ സച്ചിന്‍ പഠിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനിടയില്‍ എംആര്‍എഫ് പേസ് അക്കാദമിയില്‍ നിന്നും പേസ് ബൗളിങ്ങില്‍ പരിശീലനത്തിനു ചേര്‍ന്നെങ്കിലും പരിശീലകനായ ഡെന്നീസ് ലില്ലിയുടെ നിര്‍ദ്ദേശ പ്രകാരം സച്ചിന്‍ ബാറ്റിങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി.പിന്നീട് അങ്ങോട്ട് ക്രിക്കറ്റില്‍ ബറ്റുകൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്തു സച്ചിന്‍ തെണ്ടൂല്‍ക്കര്‍. തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ അദ്ദേഹം നേടിയിട്ടുള്ള റെക്കോര്‍ഡുകളും നിരവധിയാണ്. പതിനഞ്ച് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള സച്ചിന്റെ അരങ്ങേറ്റം. തന്റെ ആദ്യ ആഭ്യന്തര മത്സരത്തില്‍ തന്നെ 100 റണ്‍സെടുത്ത് സച്ചിന്‍ പുറത്താകാതെ നിന്നതും കൗതുകകരമാണ്. 1994- ല്‍ ന്യൂസ്ലന്‍ഡിനെതിരെ നടന്ന ഏകദിന മത്സരത്തില്‍ സച്ചിന് ഓപ്പണിങ് ബാറ്റ്‌സ്മാനായി. രണ്ട് തവണ ഇതിഹാസ താരം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തെത്തിയിട്ടുണ്ട്.2012 ഡിസംബര്‍ 23 ന് സച്ചിന്‍ തെണ്ടൂല്‍ക്കര്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു. 2013- ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും താരം വിടവാങ്ങി.

സച്ചിന്‍ തെണ്ടൂല്‍ക്കര്‍ 46- ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ഓര്‍ത്തെടുക്കാം 20  നേട്ടങ്ങള്‍

1 രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പരമോന്നത ബഹുമതിയായ ഭാരതരത്‌നം നേടി
2 ഇന്ത്യയില്‍ കായിക താരങ്ങള്‍ക്കുള്ള പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം സച്ചിനെ തേടിയെത്തി.
3 രാജ്യത്ത് കായിക താരങ്ങള്‍ക്കുള്ള രണ്ടാമത്തെ ഉയര്‍ന്ന ബഹുമതിയായ അര്‍ജുന അവാര്‍ഡ് നേടി.
4 ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മശ്രീ സച്ചിന് ലഭിച്ചിട്ടുണ്ട്.
5 2003 ലെ ലോക കപ്പ് ക്രിക്കറ്റിലെ മികച്ച താരമായിരുന്നു സച്ചിന്‍ തെണ്ടൂല്‍ക്കര്‍
6 ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മ വിഭൂഷന്‍ 2008 ല്‍ സച്ചിന് ലഭിച്ചു.
7ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം സെഞ്ചുറികള്‍ നേടിയ താരം
8 ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് നേടിയ കളിക്കാരന്‍.
9 ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് സച്ചിന്‍.10-ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കെതിരെയും സെഞ്ചുറി നേടിയിട്ടുള്ള കളിക്കാരന്‍
11- ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ചിട്ടുള്ള ക്രിക്കറ്റ് താരം.
12- ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ 150 ല്‍ അധികം റണ്‍സെടുത്ത താരം
13- ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍.
14- ടെസ്റ്റ് ക്രിക്കറ്റില്‍ പാര്‍ട്ണര്‍ഷിപ്പിലൂടെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടി
15- ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കെതിരെയും മാന്‍ ഓഫ് ദ് മാച്ച് നേടിയ കളിക്കാരന്‍
16- ഏറ്റവും കൂടുതല്‍ ടെസ്റ്റ്, ഏകദിന വിജയങ്ങളില്‍ പങ്കാളിയായ ഇന്ത്യന്‍ താരം
17- മാന്‍ ഓഫ് ദ് സീരീസ് പുരസ്‌കാരങ്ങള്‍ ഏറ്റവും കൂടുതല്‍ തവണ നേടി
18- ഏറ്റവും കൂടുതല്‍ തവണ പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടി
19- ഒരു വര്‍ഷത്തിനിടയില്‍ ഏഴ് തവണ 1000 ത്തിലധികം റണ്‍സ് നേടി
20- ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടിയ താരം

വെറും ഇരുപതില്‍ മാത്രം ഒതുങ്ങുന്നതല്ല ഇതിഹാസ താരത്തിന്‍റെ നേട്ടങ്ങള്‍. ക്രിക്കറ്റ് ലോകത്ത്  ഇനിയും ഒട്ടനവധി ചരിത്ര നേട്ടങ്ങള്‍ സച്ചിന്‍ തെണ്ടൂല്‍ക്കര്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.