ഇത് ഓട്ടിസത്തെ തോല്‍പിച്ച് മോഡലായ ചെറുപ്പക്കാരന്റെ വിജയകഥ

May 30, 2019

പലരുടെയും ഉയിര്‍പ്പുഗീതങ്ങള്‍ പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. ജീവിതത്തിലെ വെല്ലുവിളികളോട് പൊരുതി വിജയം നേടുന്നവരുടെ ഉയിര്‍പ്പുഗീതങ്ങള്‍. ഇത്തരം ഒരു അതീജീവനത്തിന്റെ കഥ പറയാനുണ്ട്. പ്രണവ് എന്ന യുവാവിനും. ഫാഷന്‍ ലോകത്തെ പുതിയ താരോദയമാണ് പ്രണവ്.

പ്രണവിന് രണ്ടുവയസുള്ളപ്പോള്‍ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു തന്റെ പ്രിയ മകന് ഓട്ടിസമുണ്ടെന്ന്. നാല്‍പത് ശതമാനം ഓട്ടിസമാണ് പ്രണവിനുള്ളത്. കൂടാതെ മറ്റുള്ളവര്‍ പറയുന്നത് ആവര്‍ത്തിച്ച് പറയുന്ന എക്വോലാലിയ എന്ന രോഗാവസ്ഥയുമുണ്ട്. എന്നാല്‍ തന്റെ മകന്റെ രോഗാവസ്ഥയറിഞ്ഞ പ്രണവിന്റെ അമ്മ അവനെ നാലു ചുവരുകള്‍ക്കുള്ളിലേക്ക് ഒതുക്കി നിര്‍ത്താന്‍ തയാറായിരുന്നില്ല. ഒരിക്കല്‍ ഒരു മാളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന പരസ്യ ബോര്‍ഡ് കണ്ടപ്പോള്‍ പ്രണവ് പറഞ്ഞു തനിക്ക് ഒരു മോഡലാകണമെന്ന്. അന്നുതൊട്ട് മകന്റെ സ്വപ്‌ന സാഫല്യത്തിനായുള്ള പരിശ്രമത്തിലായിരുന്നു അമ്മ അനുപമ. അവര്‍ അവന്റെ ചിറകുകള്‍ക്ക് കരുത്തേകി.

ഇപ്പോഴിതാ തന്റെ പത്തൊമ്പതാം വയസില്‍ പ്രണവ് ഫാഷന്‍ ലോകത്ത് ചുവടുറപ്പിക്കുകയാണ്. ഇന്ത്യയിലെ ഓട്ടിസം ബാധിതനായ ആദ്യ പുരുഷ മോഡല്‍ എന്ന തങ്കലിപികളാല്‍ രചിക്കപ്പെട്ട ചരിത്രവുമായിട്ടാണ് പ്രണവിന്റെ വിജയ യാത്ര. ഡല്‍ഹിയിലെ പരസ്യ ഏജന്‍സിയായ നിന്‍ജാസ് മോഡല്‍ മാനേജുമെന്റുമായി പ്രണവ് കരാറിലെത്തിയിട്ടുണ്ട്. പ്രണവിനെ മോഡലാക്കി പരസ്യം ചെയ്യണമെന്ന ആവശ്യവുമായി നിരവധി ഏജന്‍സികളും രംഗത്തെത്തുന്നുണ്ട്.

Read more:‘പി കെ രാംദാസ് എന്ന വന്‍മരം വീണു’; ചിരി പടര്‍ത്തി രമേശ് പിഷാരടിയുടെ ട്രോള്‍

തനിക്ക് ഓട്ടിസമുണ്ടെന്നും എല്ലാ ദിവസവും അതിനോടുള്ള പോരാട്ടമാണ് തന്റെ ജീവിതമെന്നും പ്രണവിനറിയാം. എങ്കിലും തന്റെ ജീവിതത്തിലെ വെല്ലുവിളികളോട് തോല്‍ക്കാന്‍ ഈ കൗമാരക്കാരന്‍ തയാറല്ല. ജീവിതത്തില്‍ ചെറിയ പ്രതിസന്ധികള്‍ വരുമ്പോള്‍ കാലിടറാറുണ്ട് പലരുടെയും. മുമ്പോട്ടുള്ള ജീവിതം പോലും വേണ്ടെന്നു വയ്ക്കുന്നവരാണ് ചിലര്‍. വിധിക്ക് മുന്നില്‍ അടിയറവു പറഞ്ഞ് സ്വപ്നങ്ങളെ തഴയുന്നവരെയും നമുക്ക് ചുറ്റും കാണാം. ഇത്തരക്കാര്‍ക്കെല്ലാം വലിയ പ്രചോദനമാവുകയാണ് പ്രണവിന്‍റെ ജീവിതം.