ആസ്വാദകര്‍ വീണ്ടും ഏറ്റുപാടുന്നു ‘ജിയജലേ…’; ഹരിശങ്കറിന്റെ കവര്‍ സോങ്ങിന് നിറഞ്ഞ കൈയടി

ചിലരങ്ങനാണ്, എന്തു ചെയ്താലും അതെപ്പോഴും ഹിറ്റ്. ഹരിശങ്കറിന്റെ കാര്യവും അങ്ങനെ തന്നെ. കക്ഷി ഏത് പാട്ട് പാടിയാലും സൂപ്പര്‍ ഹിറ്റ് ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഗായകന്‍ കെ എസ് ഹരിശങ്കറിന്റെ ഒരു കവര്‍ സോങ്. ഷാരൂഖ് ഖാന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘ദില്‍സേ’ എന്ന സിനിമയിലെ ‘ജിയജലേ…’ എന്ന ഗാനത്തിനാണ് ഹരിശങ്കര്‍ അതിമനോഹരമായ കവര്‍ ഒരുക്കിയിരിക്കുന്നത്.

പണ്ടേയ്ക്ക് പണ്ടേ മലയാളികള്‍ നെഞ്ചിലേറ്റിയതാണ് ഈ ഗാനത്തെ. ‘ജിയജലേ… ഗാനത്തിന് ഹരിശങ്കര്‍ ഒരുക്കിയിരിക്കുന്ന കവര്‍ വേര്‍ഷന്‍ യൂട്യൂബില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്നുണ്ട്. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ഹരിശങ്കര്‍ ഏത് പാട്ട് പാടിയാലും അത് ഹിറ്റാണെന്നാണ് ആരാധകരുടെ കമന്റുകള്‍.

Read more:ഷെയ്ന്‍ നിഗം കേന്ദ്ര കഥാപാത്രമായി പുതിയ ചിത്രമൊരുങ്ങുന്നു

ഹരിശങ്കറിന്റെ ഈ കവര്‍ സോങില്‍ പാട്ടിനൊപ്പം തന്നെ വാദ്യോപകരണങ്ങളും ഏറെ മികവ് പുലര്‍ത്തുന്നു. ഇക്കൂട്ടത്തില്‍ വീണയാണ് എടുത്തു പറയേണ്ടത്. ഈ ഗാനത്തിന്റെ ആത്മാവിനെ അതേപോലെതന്നെ വീണയില്‍ ആവാഹിച്ചിട്ടുണ്ട് എന്നു വേണം പറയാന്‍. ഗാനത്തിനു വേണ്ടി രാജേഷ് വൈദ്യയാണ് വീണ വായിക്കുന്നത്. അഭിഷേക് അമനാഥ് ഡ്രംസ് കൈകാര്യം ചെയ്തിരിക്കുന്നു. അബിന്‍ സാഗര്‍ ലീഡ് ഗിത്താറും അഭിജിത്ത് സുധി ബേസ് ഗിത്താറും കൈകാര്യം ചെയ്തിരിക്കുന്നു.

അതിമനഹോരമായ ആലാപനമാധുര്യംകൊണ്ട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ശ്രദ്ധേയനാണ് കെ എസ് ഹരിശങ്കര്‍. മെലോഡിയസ് ആയിട്ടുള്ള ഹരിശങ്കറിന്റെ ആലാപനം മഴ പോലെ ആസ്വാദകന്റെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്നു. ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലെ നിലാവും മായുന്നു…, ‘അനാര്‍ക്കലി’ എന്ന ചിത്രത്തിലെ വാനം ചായും…, ‘തീവണ്ടി’ എന്ന സിനിമയിലെ ജീവാംശമായി…., ‘അതിരന്‍’ എന്ന ചിത്രത്തിലെ പവിഴ മഴയെ… തുടങ്ങിയ സുന്ദര ഗാനങ്ങളെല്ലാം ഹരിശങ്കറിന്റെ ആലാപനത്തില്‍ എടുത്തുപറയേണ്ടവയാണ്.