‘ഇടം തോളൊന്നു മെല്ലെ ചരിച്ച്’; മോഹന്‍ലാലിന് വിത്യസ്തമായൊരു പിറന്നാള്‍ ആശംസ

മലയാളത്തിന്റെ മഹാ നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍. നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് തികച്ചും വിത്യസ്തമായൊരു പിറന്നാള്‍ ആശംസ. മോഹന്‍ലാലിനെ പോലെ ആരാധകര്‍ ഏറെയുള്ള കേരളത്തിന്റെ സ്വന്തം ആനവണ്ടിയാണ് ഈ ആശംസയിലെ താരം.

കൊട്ടരക്കര കെഎസ്ആര്‍ടിസിയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് വേറിട്ട ഈ പിറന്നാള്‍ ആശംസ പ്രത്യക്ഷപ്പെട്ടത്. മോഹന്‍ലാലിനെ പോലെ ഇടം തോള്‍ ചരിഞ്ഞു നില്‍ക്കുന്നു ആനവണ്ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്നത്. ‘ഇടം തോളൊന്നു മെല്ലെ ചരിച്ച്, ഹാപ്പി ബര്‍ത് ഡേ ലാലേട്ടാ…’ എന്ന ക്യാപ്ഷനും ഈ ചിത്രത്തോടൊപ്പമുണ്ട്. എന്തായാലും ഈ പിറന്നാള്‍ ആശംസ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

Read more:ഓണ്‍ലൈനില്‍ വാങ്ങിയ ഈ ടി ഷര്‍ട്ടിനെക്കുറിച്ച് രമേശ് പിഷാരടിക്കും ചിലത് പറയാനുണ്ട്; ചിരി വീഡിയോ

കൊട്ടരാക്കര കെഎസ്ആര്‍ടിസി മുമ്പും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയതാണ്. അടുത്തിടെ കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേടതിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് ആനയ്ക്ക് പകരം ആനവണ്ടികള്‍ എഴുന്നള്ളിപ്പിനെത്തിയതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഗജരാജ വീരന്മാരെപ്പോലെ നെറ്റിപ്പട്ടവും പൂമാലകളും ചാര്‍ത്തി ആനവണ്ടികള്‍ രംഗത്തിറങ്ങി.

കൊട്ടാരക്കര കെഎസ്ആര്‍ടിസ് ഡിപ്പോയിലെ മൊബൈല്‍ വര്‍ക്ക് ഷോപ്പാണ് മഹോത്സവത്തിന് ആനവണ്ടികളെ ആര്‍ഭാടപൂര്‍വ്വം എഴുന്നള്ളിച്ചത്. നെറ്റിപ്പട്ടവും പൂമാലകളും തോരണങ്ങളും ബലൂണുകളുമെല്ലാം എഴുന്നള്ളിപ്പിനെത്തിയ ആനവണ്ടികളുടെ ചന്തം കൂട്ടുന്നു. തലയെടുപ്പുള്ള കൊമ്പന്‍ എത്തിയതുപോലുള്ള ആവേശത്തോടെയാണ് കൊട്ടരക്കരക്കാര്‍ അണിഞ്ഞൊരുങ്ങിയ ആനവണ്ടികളെ വരവേറ്റതും. എന്തായാലും ഈ വരവേല്‍പ് ചിത്രവും സാമൂഹ്യമാധ്യമങ്ങളില്‍ കൈയടി നേടിയിരുന്നു.