‘തമാശ’യിലെ ഗാനത്തിന് മെലോഡിക്കയില്‍ സംഗീതമൊരുക്കി ഷഹബാസ് അമന്‍; വീഡിയോ

May 13, 2019

തന്മയത്തത്തോടെയുള്ള അഭിനയം കൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയനായ താരമാണ് വിനയ് ഫോര്‍ട്ട്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘തമാശ’. ചിത്രത്തിലെ മനോഹരമായ ഒരു ഗാനം അടുത്തിടെ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ മനോഹര ഗാനത്തിന് മെലോഡിക്കയില്‍ സംഗീതമൊരുക്കിയിരിക്കുകയാണ് ഗായകന്‍ ഷഹബാസ് അമന്‍. ചിത്രത്തില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നതും ഷഹബാസ് തന്നെയാണ്. ചിത്രത്തിലെ ‘പാടി ഞാന്‍…’ എന്നു തുടങ്ങുന്ന ഗാനത്തിനാണ് ഷഹബാസ് അമന്‍ മെലോഡിക്കയില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ഈ ഗാനം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. തികച്ചും വിത്യസ്തമായ ഗെറ്റപ്പിലാണ് വിനയ് ഫോര്‍ട്ട് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നതും. ദിവ്യ പ്രഭയാണ് തമാശയില്‍ നായിക കഥാപാത്രമായെത്തുന്നത്.

വെള്ളിത്തിരയിലെ ഹിറ്റ് മേക്കേഴ്‌സായ സമീര്‍ താഹിറും ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മ്മാതാക്കളായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ‘തമാശ’യ്ക്കുണ്ട്. നവാഗതനായ അഷ്‌റഫ് ഹംസയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ചിത്രത്തിനു വേണ്ടിയുള്ള വിനയ് ഫോര്‍ട്ടിന്റെ മെയ്ക്ക് ഓവര്‍ നേരത്തെ മുതല്‍ ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായിരുന്നു.

അതേസമയം സമീര്‍ താഹിറിനും ലിജോ ജോസ് പെല്ലിശ്ശേരിക്കും ഒപ്പം ചെമ്പന്‍ വിനോദും ഷൈജു ഖാലിദും തമാശയില്‍ നിര്‍മ്മാതാക്കളായെത്തുന്നുണ്ട്. ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’, ‘സുഡാനി ഫ്രം നൈജീരിയ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാപ്പി ഹവേഴ്‌സ് എന്റെര്‍ടെയ്‌മെന്റിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘തമാശ’.

Read more:അഭിമന്യുവിന്റെ ജീവിത കഥയുമായി ‘നാന്‍ പെറ്റ മകന്‍’; ഗാനം ശ്രദ്ധേയമാകുന്നു

ചിത്രത്തിലെ ‘പാടി ഞാന്‍…’ എന്നു തുടങ്ങുന്ന പാട്ട് മനോഹരമായൊരു പ്രണയഗാനമാണിത്. തമാശയുടെ സംവിധായകനായ അഷറഫ് ഹംസയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. ഷഹബാസ് തന്നെയാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നതും.

‘തമാശ’ എന്ന ചിത്രത്തില്‍ ഒരു കോളേജ് അധ്യാപകന്റെ കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്നത്. സമീര്‍ താഹിറാണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. റെക്‌സ് വിജയനും സുഷിന്‍ ശ്യാമും മ്യൂസിക് പ്രൊഡക്ഷന്റെ ഭാഗമായും ചിത്രത്തിന്റെ അണിയറയിലെത്തുന്നു. ‘മായാനദി’ക്കും ‘സുഡാനി ഫ്രം നൈജീരയ’യ്ക്കും ശേഷം റെക്‌സ് വിജയനും ഷഹബാസ് അമനും ഒന്നിക്കുന്ന ചിത്രമാണ് തമാശ. അതുകൊണ്ടുതന്നെ ചിത്രത്തിലെ ഗാനരംഗങ്ങള്‍ക്കും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട്.