‘ഹൃദയത്തിൽ വേരൂന്നിയ പ്രണയത്തെ കാലത്തിന് അത്രവേഗം മായ്ക്കാനാവില്ല’; ശാന്തിയുടെ ഓർമ്മയിൽ ബിജിപാൽ

ഹൃദയത്തിൽ വേരൂന്നിയ പ്രണയത്തെ കാലത്തിന് അത്ര വേഗമൊന്നും നശിപ്പിക്കാൻ കഴിയില്ല …സംഗീത സംവിധായകൻ ബിജിപാലിന്റെ ഭാര്യയുടെ മരണം ഏറെ ഞെട്ടലോടെയാണ് കേരളക്കര കേട്ടതറിഞ്ഞത്. ചില വേർപാടുകൾ അങ്ങനെയാണ് രംഗബോധമില്ലാത്ത കോമാളിയെപ്പോലെ അവസരം മറന്ന് വന്നുചേരും. തന്റെ പ്രിയപ്പെട്ടവൾ തന്നെ വിട്ടുപോയിട്ടും അവളുടെ ഓർമകളിൽ ജീവിക്കുകയാണ് ബിജിപാൽ. ഇപ്പോഴിതാ തങ്ങളുടെ പതിനേഴാം വിവാഹ വാർഷികത്തിന്റെ ഓർമ്മ പുതുക്കുകയാണ് ബിജിപാൽ.

“അമലേ, നാമൊരുമിച്ചു ചാർത്തുമീ പുളകങ്ങൾ
മറവിയ്ക്കും മായ്ക്കുവാനാമോ..
ചങ്കിൽ കയറി ചോരയിൽ ചേർന്നിട്ട് 17 വർഷം” എന്ന അടിക്കുറുപ്പോടെ തങ്ങളുടെ ഒരുമിച്ചുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് ബിജിപാൽ.

പെട്ടന്നുണ്ടായ ശാന്തിയുടെ മരണത്തിൽ തളർന്നുപോയ ബിജിപാൽ പ്രിയപ്പെട്ടവളുടെ ഓർമ്മകളുമായി ജീവിക്കുകയാണ്.. ശാന്തിയുടെ ഓരോ ചെറിയ ഓർമ്മകളും ബിജിപാലിനെ വളരെയധികം സ്പർശിക്കാറുണ്ട്. അകാലത്തില്‍ തന്നെ വിട്ടുപോയവൾക്ക് വിവാഹ വാർഷികത്തിന്റെ ആശംസകൾ നേർന്നുകൊണ്ടുള്ള ചിത്രമാണ് ഇപ്പോൾ ബിജിപാൽ പങ്കുവെച്ചിരിക്കുന്നത്.

തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നായിരുന്നു ശാന്തി ബിജിബാലിന്റെ മരണം. പ്രശസ്തയായ നര്‍ത്തകി കൂടിയായിരുന്നു ശാന്തി. മുമ്പും പല തവണ ഭാര്യ ശാന്തിയെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുകള്‍ ബിജിബാല്‍ സാമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്.