ബാഹുബലിക്ക് ശേഷം വീണ്ടും രാജമൗലി; നായികയായി സായി പല്ലവിയും

ബോക്സ് ഓഫീസിൽ വിപ്ലവം സൃഷ്ട്ടിച്ച ബാഹുബലിയെന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷം  ഇന്ത്യൻ സിനിമയിൽ വിസ്മയം തീർക്കാൻ രാജമൗലി വീണ്ടുമെത്തുന്നു. രണ്ടു സഹോദരന്മാരുടെ കഥ പറയുന്ന ചിത്രത്തിൽ രാംചരണും ജൂനിയർ എൻ ടി ആറുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ ജൂനിയർ എൻ ടി ആറിന്റെ നായികയായി സായി എത്തുന്നുവെന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് അറിയുന്നത്. ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമായിരിക്കും സായിയുടേതെന്നാണ് അറിയുന്നത്. അതേസമയം ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗൺ, ആലിയ ഭട്ട് ഈവരും ചിത്രത്തിൽ പ്രധാന കഥാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇത് രണ്ടാം തവണയാണ് അജയ് ദേവ്ഗൺ രാജമൗലി ചിത്രത്തിൽ വേഷമിടുന്നത്. മുൻപ് ഈഗ എന്ന  ചിത്രത്തിന്റെ ഭാഗമായിരുന്നു അജയ് ദേവ്ഗൺ.

Read also: ‘നിപ’; വ്യാജ പ്രചരണങ്ങളിൽ അകപ്പെടാതിരിക്കാൻ…

ആർ ആർ ആർ എന്ന പേരിട്ടിരിക്കുന്ന ചിത്രം ഇന്ത്യക്ക് സ്വാതന്ത്ര്യം  ലഭിക്കുന്നതിന് മുൻപുള്ള കാലഘട്ടത്തെ പശ്ചാത്തലമാക്കിയാണ് ഒരുക്കുന്നത്. രാജമൗലി തന്നെ തിരക്കഥ തയാറാക്കുന്ന ചിത്രത്തിൽ വിരിയുന്ന അത്ഭുതത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.

തെലുങ്കിൽ ഒരുക്കുന്ന ചിത്രം മലയാളമടക്കമുള്ള നിരവധി തെന്നിന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യും. 2020 ലാവും ചിത്രം തിയേറ്ററുകളിൽ എത്തുക.