വിജയ് സേതുപതി നായകനായെത്തുന്ന ‘സിന്ധുബാദ്ധ്’ റിലീസ് മാറ്റി

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. താരം മലയാളത്തിലേക്കും അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്തയും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം വിളിക്കുന്നതുപോലും.

വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് സിന്ധുബാദ്ധ്. തീയറ്ററുകളിലെത്താനിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം ജൂണ്‍ 21 നായിരുന്നു ചിത്രത്തിന്റെ റിലീസ്. എന്നാല്‍ പുതിയ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതിയും എത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം.

അടുത്തിടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന്റെ ട്രെയ്‌ലറിന് ലഭിക്കുന്നതും. കഴിഞ്ഞ ദിവസം യുട്യൂബില്‍ റിലീസ് ചെയ്ത ട്രെയ്‌ലര്‍ പതിനെട്ട് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ആകാഷയും സസ്‌പെന്‍സും ആക്ഷനുമൊക്കെ നിറച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നതും. റൊമാന്റിക് ആക്ഷന്‍ ത്രില്ലറാണ് സുന്ധുബാദ്ധ് എന്ന് ചിത്രത്തിന്റെ ട്രെയ്‌ലര്‍ സൂചന നല്‍കുന്നു.

Read more:നര്‍മ്മം നിറച്ച് ‘ജനമൈത്രി’ വരുന്നു; തീയറ്ററുകളിലെത്തും മുമ്പേ ശ്രദ്ധേയമായി റിവ്യൂവും

യുവാന്‍ശങ്കര്‍ രാജയുടെ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. എസ് യു അരുണ്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് സിന്ധുബാദ്ധ്. അഞ്ജലിയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്.

അതേസമയം മലയാള സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് വിജയ് സേതുപതി. പരസ്യചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘മാര്‍ക്കോണി മത്തായി’. സത്യം സിനിമാസിന്റെ ബാനറില്‍ എ ജി പ്രേമചന്ദ്രനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആത്മിയ ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നു. അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തില്‍ മത്തായി എന്ന കഥാപാത്രത്തെയാണ് ജയറാം അവതരിപ്പിക്കുന്നത്.