ഫ്ളവേഴ്‌സ് പുതു ചരിത്രം കുറിക്കുന്നു, പാട്ടുത്സവത്തിന് തുടക്കമായി

June 16, 2019

അതിമനോഹരമായ ആലാപനം, നിഷ്‌കളങ്കത തുളുമ്പുന്ന കുട്ടിവര്‍ത്തമാനങ്ങള്‍, ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗര്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത് ആസ്വാദനത്തിന്റെ വേറിട്ട രസക്കൂട്ട്. മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് എക്കാലത്തും പുതുമകള്‍ സമ്മാനിക്കുന്ന ഫ്ളവേഴ്‌സ് ടിവി മറ്റൊരു ചരിത്രമെഴുതുന്നു. ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍. ടോപ് സിംഗറിലെ 22 മത്സരാര്‍ത്ഥികള്‍ക്കും മത്സരഫലം വരുന്നതിന് മുമ്പേ 20 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണ് ഈ പദ്ധതി. കുട്ടിപ്പാട്ടുകാര്‍ക്ക് ബുരുദാനന്തര ബിരുദം വരെ പഠിക്കാനാണ് ഇത്തരമൊരു സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്.

സ്‌കോളര്‍ഷിപ്പ് വിതരണം രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ചു. പതിമൂന്നര മണിക്കൂര്‍ നണ്ടു നില്‍ക്കുന്ന തത്സമയ പരിപാടിക്കാണ് കേരളം ഇന്ന് സാക്ഷ്യം വഹിക്കുക. മലയാളികളുടെ പ്രിയ ഗായകന്‍ എംജി ശ്രീകുമാര്‍ ‘കുറി വരച്ചാലു0…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചുകൊണ്ട് സ്‌കോളര്‍ഷിപ്പ് വിതരണത്തിന് തുടക്കമായി.

ജ്യോതി ലബോറട്ടറീസ് സിഎംഡി എംപി രാമചന്ദ്രന്‍, അമേരിക്കയിലെ ട്രിനിറ്റി ഗ്രൂപ്പ് സിഇഒ സിജോ വടക്കന്‍, ഫഌവഴ്‌സ് ടിവി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, ഇന്‍സൈറ്റ് മീഡിയ സിറ്റി ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍, ട്വന്റിഫോര്‍ വാര്‍ത്താ ചാനല്‍ ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദ്, ഫഌവഴ്‌സ് ടിവി വൈസ് ചെയര്‍മാന്‍ ഡോ. വിദ്യാ വിനോദ്, ഫഌവഴ്‌സ് ടിവി ഡയറക്‌ടേഴ്‌സായ സതീഷ് ജി പിള്ള, ഡേവിഡ് എടക്കളത്തൂര്‍ എന്നിവരുടെ സംയുക്ത സംരംഭമാണ് ഫഌവഴ്‌സ് ടോപ് സിംഗര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍.

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫഌവഴ്‌സ് ടോപ് സിംഗര്‍. സംഗീത ലോകത്തെ പ്രഗത്ഭരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍. ഫഌവഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നു.