മനോഹരം ‘ഉയരെ’യിലെ ഈ ഉണര്‍ത്തുപാട്ട്

ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ അതിജീവന കഥ പറയുന്ന ചിത്രമാണ് ഉയരെ. പാര്‍വ്വതിയാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. പാര്‍വ്വതിക്കൊപ്പം ആസിഫ് അലിയും ടൊവിനോയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. പല്ലവി എന്ന കഥാപാത്രമായാണ് ഉയരെയില്‍ പാര്‍വ്വതി വേഷമിടുന്നത്. നവാഗതനായ മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം.

ബോബി സഞ്ജയ് ആണ് ഉയരെ എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. അതേസമയം ചിത്രത്തിലെ മനോഹരമായ ഒരു ഗാനം പുറത്തെത്തി. സ്വപ്‌നങ്ങളിലേക്ക് ഉയര്‍ന്നു പറക്കാന്‍ കരുത്തേകുന്നതാണ് ഈ ഗാനം. ‘കാറ്റില്‍ വീഴാ…’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളുമെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നീ മുകിലോ’ എന്നു തുടങ്ങുന്ന ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കുന്നുണ്ട്. തീയറ്റര്‍ വിട്ടിറങ്ങിയാലും ഉയരെയിലെ ചില രംഗങ്ങള്‍ പ്രേക്ഷകന്‍റെ ഉള്ളില്‍ ആഴത്തില്‍ പതിയുന്നുണ്ട്.

Read more:എല്ലാം ദൈവം നോക്കിക്കോളും, ദൈവത്തോട് ഒരു 500 രൂപ ചോദിച്ചാലോ…?; സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമായി ‘ഇക്രു’:വീഡിയോ

എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മലയാള ചലച്ചിത്ര ലോകത്ത് ഒട്ടനവധി സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സില്‍ നിന്നും പുറത്തുവരുന്ന പുതിയ നിര്‍മ്മാണ കമ്പനിയാണ് എസ് ക്യൂബ് ഫിലിംസ്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരനായ പി വി ഗംഗാധരന്റെ മക്കളാണ് ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍. എസ് ക്യൂബ് ഫിലിംസിന്റെ ആദ്യ ചിത്രംകൂടിയാണ് ഉയരെ. കൊച്ചി, മുംബൈ, ആഗ്ര ധുലെ തുടങ്ങിയ സ്ഥലങ്ങളിലൊക്കെയായിരുന്നു ഉയരെ എന്ന സിനിമയുടെ ചിത്രീകരണം. സിദ്ധിഖ്, പ്രേംപ്രകാശ്, പ്രതാപ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.