Comments

അതിജീവനത്തിന്റെ വൈറസ്; റിവ്യൂ വായിക്കാം…

ഇനിയെന്ത്…? കേരളം സംശയത്തിന്റെയും ആശങ്കയുടെയും നിഴലിൽ നിന്ന നാളുകൾ ഭീതിയോടെയല്ലാതെ മലയാളികൾക്ക് ഓർത്തെടുക്കാനാവില്ല. ‘എവിടെ തുടങ്ങണം.. എന്ത് ചെയ്യണം..? അധികൃതരും സാധാരണക്കാരും ഒരുപോലെ  ചോദിച്ച ചോദ്യത്തിന് മുന്നിൽ ആത്മവിശ്വാസത്തോടെയും മനോധൈര്യത്തോടെയും എന്തിനെയും നേരിടാനുള്ള കരുത്തുമായി പരസ്പരം ചേർന്നു നിന്ന് നിപ എന്ന വൈറസിനെ പൊരുതി തോൽപ്പിച്ചവരാണ് നമ്മൾ മലയാളികൾ. വീണുപോകാൻ സാധ്യതയുള്ള ഒട്ടേറെ വഴികളിൽ തോൽക്കാൻ മനസ്സില്ലാത്ത പോരാളികളായി നമ്മൾ നടന്നുകയറിയത് അതിജീവനത്തിലേക്ക് തന്നെയായിരുന്നു…നിപ എന്ന മഹാവിപത്തിൽ നിന്നും കോഴിക്കോടും മലപ്പുറവും അതിജീവിച്ചത് അതിന്റെ എല്ലാ നന്മയോടും പൂർണതയയോടുംകൂടി വെള്ളിത്തിരയിൽ എത്തിക്കാൻ ആഷിഖ് അബുവിനും അണിയറ പ്രവർത്തകർക്കും കഴിഞ്ഞു എന്നത് തന്നെയാണ് വൈറസ് എന്ന ചിത്രത്തിന്റെ വിജയവും.

കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് ആരംഭിക്കുന്ന ചിത്രം പിന്നീട് കേരളത്തെ പിടിച്ചുലച്ച മഹാമാരിയിലേക്ക് പടർന്നുകയറുകയാണ്. മെഡിക്കൽ കോളേജിൽ അജ്ഞാത രോഗലക്ഷണങ്ങളോടെ പ്രവേശിക്കപ്പെടുന്ന സക്കറിയ എന്ന രോഗി മരണപ്പെടുന്നു. പിന്നീട് ആശുപത്രിയിൽ ഇതേ രോഗലക്ഷണങ്ങളോടെ രോഗികൾ പ്രവേശിക്കപ്പെടുന്നു.. മരണങ്ങൾ ആവർത്തിക്കപ്പെടുന്നു…രോഗലക്ഷണങ്ങൾ ഡോക്ടർമാരെയും അധികൃതരെയും ആശങ്കയിലാഴ്ത്തുന്നു…അന്വേഷണങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ ആളുകളിൽ ഭീതി പടർന്നുകയറുന്നു.

പേരാമ്പ്രയിലെ ഒരു കുടുംബത്തിലെ നാലു പേർ ഇതേ രോഗം ബാധിച്ച് മരിക്കുന്നതോടെ അന്വേഷണങ്ങൾ ഉർജ്ജിതമാകുന്നു. രോഗബാധ ഡോക്ടർമാരിൽ ചില സംശയങ്ങൾക്ക് വഴി തെളിയിക്കുന്നു. പിന്നീട് രോഗം തിരിച്ചറിഞ്ഞപ്പോഴേക്കും അത് പലരിലേക്കും പടർന്നിരുന്നു. രോഗത്തിന്റെ സംഹാരശേഷിയേക്കാൾ അത് പടർത്തിയ ഭീതി സമൂഹത്തെ എങ്ങനെ ബാധിച്ചുവെന്ന് ചിത്രം കൃത്യമായിത്തന്നെ അവതരിപ്പിച്ചു.

രോഗവും ഭീതിയും പ്രതിരോധ മാർഗങ്ങളുമായി ആദ്യ പകുതി അവസാനിക്കുമ്പോൾ രോഗത്തിന്റെ ഉറവിടം തേടിയുള്ള യാത്രയാണ് രണ്ടാം ഭാഗത്ത്. പോരാട്ടത്തിന്റെ നാളുകൾ… അധികൃതരും ആരോഗ്യ വിദഗ്ധരും ജനങ്ങളും എല്ലാം മറന്ന് ഒറ്റകെട്ടായി നടത്തുന്ന അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങൾ. പ്രേക്ഷകന്റെ ഉള്ളുലച്ചുകൊണ്ടുള്ള നിമിഷങ്ങൾ സ്‌ക്രീനിൽ മിന്നിമായുന്നു. നിപയുടെ ഭീതി പ്രേക്ഷകനിലേക്കും ആഴത്തിൽ പടർന്നിറങ്ങുന്നതുപോലെ.

കേരളം ഭീതിയോടെ നേരിട്ട നിപ വൈറസ് എന്ന വിഷയത്തെ കേവലം ഒരു ഡോക്യൂമെന്ററിയിൽ കവിഞ്ഞ് ഒരു സിനിമയിലേക്ക് എത്തുക എന്ന വെല്ലുവിളി ആഷിഖ് അബു എന്ന സംവിധായകൻ നേരിട്ടത് തികച്ചും അഭിനന്ദനാർഹം തന്നെ. നിപയെ കേരളക്കര അതിജീവിച്ച അതെ ഊർജവും മനോധൈര്യവും കെട്ടുപോകാതെ കാക്കാൻ ഈ ചിത്രത്തിനും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും കഴിഞ്ഞു എന്നതും പ്രശംസനാർഹം. റിയൽ ലൈഫ് കഥാപാത്രങ്ങളോട് നീതി പുലർത്തുന്ന വിധത്തിലാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും അവതരിപ്പിക്കപ്പെട്ടത്.

ആതുരസേവനത്തിലൂടെ രക്തസാക്ഷിയായ ലിനി സിസ്റ്ററെ അഖിലയിലൂടെ പുനർജീവിപ്പിച്ച് റിമയും ആരോഗ്യമന്ത്രി സി.കെ.പ്രമീളയായി രേവതിയും,​​ ജില്ലാ കളക്ടറുടെ വേഷത്തിൽ ടൊവിനോ തോമസ്, ആരോഗ്യവകുപ്പ് ഡയറക്ടറുടെ വേഷത്തിൽ പൂർണിമ, ‌‌വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്‌ടറായി എത്തിയ കുഞ്ചാക്കോ ബോബൻ, ഡോക്‌ടർ ആബിദായി എത്തിയ ശ്രീനാഥ്‌ ഭാസി, ഡോക്ടർ അനുവായി എത്തിയ പാർവതി തിരുവോത്ത്,​ രോഗം പിടിപെട്ട മെഡിക്കൽ വിദ്യാർത്ഥിനിയായി മഡോണ സെബാസ്റ്റ്യൻ, രോഗ ബാധിതനായ ഉണ്ണികൃഷ്ണനായി എത്തിയ സൗബിൻ സാഹിർ,​ ​ മരണപെട്ടവരുടെ ബോഡി മറവ് ചെയ്യാനെത്തിയ ഇന്ദ്രജിത്ത്, മോർച്ചറി ജീവനക്കാരനായി എത്തിയ ജോജു എന്നിവരെല്ലാം തന്നെ തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കി. റഹ്മാൻ,​ ബേസിൽ ജോസഫ്,​ ഇന്ദ്രൻസ്,​ രമ്യ നമ്പീശൻ,​ ഷറഫുദ്ദീൻ,​ ആസിഫ് അലി,​ സുധീഷ്,​ സെന്തിൽ കൃഷ്ണ,​ ദിലീഷ് പോത്തൻ, സജിത മഠത്തിൽ,​ ലിയോണ ലിഷോയ് എന്നുതുടങ്ങി നിരവധി താരനിരകൾക്കൊപ്പം  ഊണും ഉറക്കവും ഉപേക്ഷിച്ച് രോഗീപരിചരണത്തിനായി ഇറങ്ങിത്തിരിച്ച ഡോക്ടർമാരും നഴ്‌സുമാരും  മാലിന്യനിർമാർജനത്തിന് ഇറങ്ങിയ ആശുപത്രി ജീവനക്കാരുമടക്കം പുതിയതും പഴയതുമായ നിരവധി താരങ്ങളാണ് ചിത്രത്തിൽ വന്നുപോകുന്നത്. ചിത്രത്തിന് അനുയോജ്യമായ താരങ്ങളെ കണ്ടെത്താനായത് സിനിമയെ പ്രേക്ഷകർക്ക് കൂടുതൽ  പ്രിയപ്പെട്ടതാക്കുമെന്നതിലും സംശയമില്ല.

ഒരു വലിയ താരനിര തന്നെ വന്നുപോകുന്ന ചിത്രത്തിൽ പക്ഷെ സിനിമാപാരമ്പര്യത്തിൽ കണ്ടുവരുന്ന ഏകനായക കേന്ദ്രീകൃതസിനിമ സങ്കല്പം ഇല്ലായെന്നതും ഏറെ ശ്രദ്ധേയം. തികച്ചും സ്വാഭാവികമായ മുഹൂർത്തങ്ങളും സംഭാഷണങ്ങളുമാണ് ചിത്രത്തിന്റെ ആദ്യാവസാനം അവലംബിച്ചിരിക്കുന്നത്.

മലയാള സിനിമ ഇതുവരെ കണ്ട ഏറ്റവും നല്ല മെഡിക്കൽ സർവൈവൽ ത്രില്ലർ ആണ് ഈ ആഷിക് അബു ചിത്രമെന്ന് ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും പറയാതിരിക്കില്ല. വൈറസിലൂടെ മലയാളത്തിലെ മികച്ച സംവിധായകനാണ് താനെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ആഷിഖ് അബു.

ഏതൊരു മികച്ച ചിത്രത്തിന് പിന്നിലും ശക്തമായൊരു കൂട്ടുകെട്ടും കെട്ടുറപ്പുള്ള ഒരു തിരക്കഥയും ഉണ്ടാകും. വൈറസിന്റെ ശക്തിയും മുഹ്സിൻ പരാരിയുടെ തിരക്കഥ തന്നെയാണ്. സുഹാസും ഷറഫും തങ്ങളുടെ ആശയങ്ങൾ കൂടി ഇതിൽ തിരുകി കയറ്റിയപ്പോൾ മാറ്റ് ഒന്ന് കൂടി എന്നുവേണം പറയാൻ. ചിത്രത്തിൽ എടുത്തുപറയേണ്ട ഒന്ന് പശ്ചാത്തല സംഗീതമാണ്. ഒരു മെഡിക്കൽ ത്രില്ലർ വിഭാഗത്തിലേക്ക് ചിത്രത്തെക്കൊണ്ടെത്തിക്കുന്നതിൽ പശ്ചാത്തല സംഗീതത്തിന്റെ പങ്കും വലുതാണ്. രാജീവ് രവിയുടെയും, ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സുഷിൻ ശ്യാമിന്റെ സംഗീതവും സൈജു ശ്രീധരന്റെ എഡിറ്റിങ്ങും ചിത്രത്തെ മികച്ചതാകുന്നു.

ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടി ഒന്നിച്ച് പോരാടിയ ഒരു ജനതയുടെ കഥ വെള്ളിത്തിരയിൽ എത്തുമ്പോൾ നിപ്പയ്ക്കെതിരെ പോരാടിയ ഓരോരുത്തർക്കുമുള്ള ആദരമാണ് ചിത്രം പറയുന്നത്. ഒപ്പം എല്ലാവരേയും മനുഷ്യരായി കാണാനും, നിപ ബാക്കി വച്ച ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരവും കൂടിയാണ് ഈ ചിത്രം.

സിനിമയും ജീവിതവും ഏതെന്നു തിരിച്ചറിയാനാകാത്ത വിധം ഇഴചേർന്നു കിടക്കുകയാണ് ചിത്രത്തിലെ ഓരോ സീനുകളും. അതേസമയം നിപ്പയുടെ രണ്ടാം വരവിന്റെ ഭീതിയിൽ കേരളം നിൽക്കുമ്പോൾ ബോധവത്കരണത്തിലും ജാഗ്രതയ്ക്കും പ്രാധാന്യം നൽകുന്ന ഈ ചിത്രം നിപയല്ല എന്തുവന്നാലും ഞങ്ങൾ അതിനെ  അതിജീവിക്കുക തന്നെ ചെയ്യുമെന്ന് ഒന്നടങ്കം പറയുകയാണ് കേരളക്കര.

അനു ജോർജ്

 

Leave a Reply