‘ബുംറ സ്‌റ്റൈലില്‍’ പന്തെറിഞ്ഞ് ഒരു മുത്തശ്ശി; കൈയടിച്ച് സോഷ്യല്‍മീഡിയ: വീഡിയോ

ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശമെല്ലാം കെട്ടടങ്ങിയിട്ട് ദിവസങ്ങളായി. എങ്കിലും ക്രിക്കറ്റ് എന്നത് പലരുടെയും രക്തത്തിലലിഞ്ഞിരിക്കുന്ന ഒരുതരം ലഹരിയാണ്. പ്രായം മറന്ന് ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ക്കുന്ന പലരും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ കൈയടി നേടുകയാണ് ഒരു മുത്തശ്ശി. ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയുടെ ബൗളിങ് ആക്ഷന്‍ അനുകരിച്ചാണ് ഈ മുത്തശ്ശി താരമായത്.

ക്രിക്കറ്റ് ആരാധികയായ ഒരു യുവതിയാണ് ബുംറയെപ്പോലെ പന്തെറിയുന്ന ഈ മുത്തശ്ശിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. വീടിനുള്ളില്‍ വച്ചുതന്നെ ബുംറയെപ്പോലെ ബോളുമായി ഓടുന്ന മുത്തശ്ശിയാണ് വീഡിയോയില്‍.

നിമിഷങ്ങള്‍ക്കൊണ്ടുതന്നെ വീഡിയോ വൈറലായി. നിരവധി പേരാണ് ഈ വീഡിയോ ഇതിനോടകംതന്നെ പങ്കുവച്ചിരിക്കുന്നത്. പലരും മുത്തശ്ശിയെ അഭിനന്ദിച്ചുകൊണ്ടും പ്രശംസിച്ചുകൊണ്ടുമെല്ലാം രംഗത്തെത്തുന്നുണ്ട്. ജസ്പ്രീത് ബുംറയും ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ‘ദിസ് മെയ്ഡ് മൈ ഡേ’ എന്ന ക്യാപ്ഷനോടുകൂടിയാണ് ഈ മനോഹര വീഡിയ ബുംറ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്.

ഇന്ത്യയിലെ മികച്ച പേസ് ബൗളര്‍മാരുടെ ഗണത്തിലാണ് ജസ്പ്രീത് ബുംറയുടെ സ്ഥാനം. ഏകദിനത്തില്‍ ലോകറാങ്കിങില്‍തന്നെ ഏറെ മുന്നിലാണ് ഈ സൂപ്പര്‍ താരം. ഗുജറാത്ത് ശ്വദേശിയാണ് ഈ വലംകയ്യന്‍ ഫാസ്റ്റ് ബോളര്‍. നിരവധി ആരാധകരുമുണ്ട് ജസ്പ്രീത് ബുംറയ്ക്ക്.