ഓടയില്‍ വലിച്ചെറിയപ്പെട്ട കുഞ്ഞിന് തുണയായത് തെരുവുനായകള്‍; ഹൃദയഭേദകം ഈ കാഴ്ചകള്‍

മനുഷ്യരേക്കാള്‍ സ്‌നേഹമുള്ളവരാണ് മൃഗങ്ങള്‍ എന്ന് ചിലരെങ്കിലും പറഞ്ഞ് കേള്‍ക്കാറുണ്ട്. ഈ പറച്ചില്‍ പലപ്പോഴും ശരിയാകാറുണ്ടെന്നതാണ് വാസ്തവം. മനുഷ്യരേക്കാള്‍ സ്‌നേഹവും കരുണയും കരുതലുമൊക്കെ മൃഗങ്ങള്‍ കാണിക്കാറുണ്ട്. ഇത്തരം ഒരു ഹൃദയസ്പര്‍ശിയായ വാര്‍ത്തയാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നതും.

ഓടയില്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുഞ്ഞിനെ ജീവിതത്തിലേയ്ക്ക് തിരികെ എത്തിച്ചിരിക്കുകയാണ് തെരുവുനായകള്‍. കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുമെങ്കിലും കാര്യം സത്യമാണ്. ഹരിയാനയിലാണ് സംഭവം. ജനിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമായ കുഞ്ഞിനെ കൈതാല്‍ നഗരിയിലുള്ള ഒരു ഓടയില്‍ ഉപേക്ഷിച്ചു. ഒരു പൊളിത്തീന്‍ കവറില്‍ പൊതിഞ്ഞായിരുന്നു കുഞ്ഞിനെ ഓടയില്‍ തള്ളിയത്. ഒരു സ്ത്രീയാണ് കുഞ്ഞിനെ ഓടയില്‍ ഉപേക്ഷിച്ചത്.

എന്നാല്‍ കുഞ്ഞിനെ ചില തെരുവുനായകള്‍ കണ്ടെടുത്തു. കവറോടുകൂടി കുഞ്ഞിനെ നായകള്‍ ഓടയില്‍ നിന്നും പുറത്തെടുത്തു. തുടര്‍ന്ന് നായകള്‍ ഉച്ചത്തില്‍ കുരയ്ക്കാന്‍ തുടങ്ങി. നായകളുടെ കുര കേട്ട് അവിടെയെത്തിയ കാല്‍നട യാത്രക്കാര്‍ കുഞ്ഞിനെ കാണുകയും ഉടന്‍തന്നെ പൊലീസില്‍ അറിയിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങളെല്ലാം സമീപത്തുള്ള സിസി ടിവിയില്‍ പതിഞ്ഞിട്ടുമുണ്ട്.

Read more:“ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ”, എന്ന് ആരാധകന്‍; കൂളിങ് ഗ്ലാസ് വീട്ടിലേയ്ക്ക് അയച്ചുകൊടുത്ത് ഉണ്ണി മുകുന്ദന്‍

പോലീസെത്തി കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിച്ചു. നിലവില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി. അതേസമയം കുട്ടിയെ ഓടയില്‍ ഉപേക്ഷിച്ച ആള്‍ക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.